നിലന്പൂർ: നിലന്പൂരിനടുത്തു ചെട്ടിയാംപാറ ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ ആറു പേരിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗൃഹനാഥൻ സുബ്രഹ്മണ്യൻ ഒഴികെയുള്ള അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ എട്ടിനും ഒന്പതരയ്ക്കുമിടയിൽ കണ്ടെത്തിയത്. സുബ്രഹ്മണ്യന്റെ ഭാര്യ ഗീത (29), സഹോദരി കുഞ്ഞി (56), നവനീത (എട്ട്), നിവേദ് (മൂന്ന്), മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് സമീപ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തത്. സുബ്രഹ്മണ്യനായി തെരച്ചിൽ തുടരുകയാണ്.
പ്രദേശത്തു മണ്ണിടിച്ചിടിച്ചൽ തുടരുന്നതു രക്ഷാപ്രവർത്തനത്തിനു തടസം നേരിടുകയാണ്. നിലന്പൂർ, മഞ്ചേരി, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ട്രോമാകെയർ വോളണ്ടിയർമാർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പന്തിരായിരം ഉരുൾവനത്തിലും മൂലേപ്പാടം അന്പതേക്കറിലും എരുമമുണ്ട ചെട്ടിയാംപാറയിലും ആഢ്യൻപാറ വനമേഖലയിലുമാണ് ഇന്നലെ രാത്രി 10.30നും 12നുമിടയിലാണ് ഉരുൾപൊട്ടിയത്.
മതിലുംമൂല ആദിവാസി കോളനിയിലെ അന്പതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വെള്ളം കയറി. ഇവിടങ്ങളിലെ 32 കുടുംബങ്ങളെ ഇതിനകം നാട്ടുകാരും ഫയർഫോഴ്സും രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉരുൾപൊട്ടലിൽ മറ്റത്തിൽ കുഞ്ഞിമോന്റെ വീടിനു സാരമായി നാശം നേരിട്ടു. പ്രതികൂല സാഹചര്യത്തെത്തുടർന്നു ഇന്നലെ രാത്രി മൂലേപ്പാടം സെന്റ് ജോസഫ് ദേവാലയത്തിലും മറ്റുമാണ് ആളുകളെ മാറ്റിപാർപ്പിച്ചത്.
പന്തിരായിരം ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെത്തുടർന്നു ഇടിവണ്ണ എച്ച് ബ്ലോക്ക് വെള്ളത്തിലായി. പെരുവന്പാടം പാലവും നന്പൂരിപ്പൊട്ടി പാലവും വെള്ളത്തിനിടയിലായിട്ടുണ്ട്. ഇതോടെ മതിലുംമൂല, പെരുന്പത്തൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലന്പൂർ ജനതപ്പടി, വെളിയന്തോട്, മിനർവപ്പടി എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മേഖലയിൽ കനത്ത മഴ തുടരുകയാണ്. അന്പതുവർഷത്തിനു ശേഷമാണ് നിലന്പൂർ ഇത്തരത്തിൽ കാലവർഷം ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതുമൂലം നിലന്പൂരിന്റെ പരിസര പ്രദേശങ്ങളിലെല്ലാം പ്രളയഭീതി നിലനിൽക്കുന്നുണ്ട്.
നിലന്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്നു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലന്പൂർ ടൗണിൽ വെള്ളക്കെട്ടു കാരണം ഫയർഫോഴ്സ് റബർ ഡിങ്കി ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥലത്തെത്തിക്കുന്നത്. മലപ്പുറം ജില്ലയുടെ മലയോരങ്ങളിൽ കഴിഞ്ഞ 36 മണിക്കൂറായി അനുഭവപ്പെടുന്ന കനത്ത മഴ കരവാരകുണ്ട്, കാളികാവ് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വൻ നാശമാണ് വരുത്തിയിരിക്കുന്നത്. ചേരി, കൽകുണ്ട് ഭാഗങ്ങളിൽ ഇരുപതിലധികം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ അനുഭവപ്പെട്ടത്.
ഇതേതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നൂറുക്കണക്കിനു ഏക്കർ കൃഷിയിടങ്ങൾ നശിച്ചു. ഇവിടങ്ങളിൽ ആളപായമില്ല.താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. കാളികാവ്, അടക്കാകുണ്ട് മലവാരത്തിൽ എഴുപതേക്കറിനു സമീപം മാഞ്ചോലയിൽ ഉരുൾപൊട്ടി. പതിനെട്ട് എക്കർ ഭാഗത്ത് തട്ടാപറന്പിൽ ഗിരിജ, ഗിരീഷ് സുഭാഷ് എന്നിവരുടെ ആറേക്കർ വരുന്ന കൃഷിയിടത്തിൽ ഇന്നലെ രാവിലെയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.
ഗിരിജ, ഗിരീഷ് എന്നിവരുടെ ഒന്നര ഏക്കറോളം കൃഷിഭൂമി പൂർണമായും നശിച്ചു. കമുക്്, റബർ, തേക്കിൻ തൈകൾ എന്നിവയാണ് നശിച്ചത്. ഇതോടു ചേർന്ന പനന്താനം ടോംസന്റെ വിളകളും ഉരുൾപൊട്ടലിനെ തുർന്നുള്ള വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വെന്തോടൻപടി പാലവും വെള്ളത്തിലായി. നിലന്പൂർ- പെരുന്പിലാവ് സംസ്ഥാനപാതയിൽ കാളികാവ് മങ്കുണ്ടിനു സമീപം വെള്ളം കയറി മണിക്കൂറുകളോളം ഗതാഗം തടസപ്പെട്ടു.
പൂക്കോട്ടുംപാടം ചെട്ടിപ്പാടത്ത് കോട്ടപ്പുഴ കരകവിഞ്ഞൊഴുകി രണ്ടു വീടുകൾ ഒറ്റപ്പെട്ടു. ചെട്ടിപ്പാടം പഴന്പാലക്കോട് രാമകൃഷ്ണൻ, പട്ടൻ കൃഷ്ണൻ എന്നിവരുടെ വീടുകൾ പൂർണമായും വെള്ളത്തിലായി. വീടുകൾക്കകത്ത് വെള്ളം കടന്നതിനാൽ വീട്ടുകാരെ നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഉൗർങ്ങാട്ടിരി കൊടുന്പുഴ ഉൾവനത്തിൽ ഉരുൾപ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടു വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച പുലർച്ചക്ക് 5.30നും പകൽ മൂന്നിനുമാണ് ഉരുൾപൊട്ടലുണ്ടായത്.
പ്രദേശത്ത് അനവധി വീടുകളുണ്ടെങ്കിലും ജനവാസമില്ലാത്ത പ്രദേശത്ത് ഉരുൾ പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. മഴശക്തമായതിനാൽ ഉൾവനത്തിൽ പരിശോധിക്കാനും അധികൃതർക്ക് കഴിഞ്ഞില്ല. കൊടുന്പുഴ പ്രസാദ്, പ്രവീണ് എന്നിവരുടെ വീടുകളിലൂടെയാണ് ഉരുൾപൊട്ടി വെള്ളം ഒഴുകിയത്. ഓടക്കയം ഭാഗങ്ങളിൽ വ്യാപകകൃഷിനാശമാണ് ഉണ്ടായത്. കൃഷിഭൂമി നശിച്ചതായും പരാതിയുണ്ട്. ഉരുൾപ്പെട്ടലിനെ തുടർന്ന് പ്രദേശത്തെ തോടുകളും, ചെറുപുഴയും നിറഞ്ഞൊഴുകി.