മാവേലിക്കര: ക്രൂരനായ ഭരണാധികാരിക്ക് അതിക്രൂരമായി പെരുമാറുന്ന പോലീസുകാരെ കിട്ടിയതിന് തെളിവാണ് നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ. വള്ളികുന്നത്തെ കൊല്ലപ്പെട്ട സിപിഒ സൗമ്യക്കും കാൻസർചികിത്സ തെറ്റായി നൽകി ജീവിതം തകർത്ത രജനിക്കും സംസ്ഥാനസർക്കാർ നീതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനോടെ മനുഷ്യന്റെ നഖവും പല്ലും പിഴുതെടുക്കുന്ന പോലീസുകാർ കേരളത്തിലുണ്ട്. ഇവരെ മര്യാദപഠിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലപാതകത്തിൽ ഒരുപാട് ദുരൂഹതകളുണ്ട്. ഇതിന് പിന്നിൽ സിപിഎമ്മിന്റെയും പോലീസിലെ ഒരുവിഭാഗത്തിന്റെയും രാഷ്ട്രീയസാന്പത്തിക താൽപര്യങ്ങളുണ്ട്. ഇത്തരം പോലീസുകാരെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പ്രോത്സാഹിപ്പിക്കുകയാണ്.
എൽഡിഎഫ് ഭരണത്തിൽ കസ്റ്റഡി മരണം ഇപ്പോൾ നാലായി. ഭരിക്കുന്നത് യുഡിഎഫ് ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐക്കാർ ഇപ്പോൾ നാട് കത്തിച്ചേനെ. ഇപ്പോഴവർക്ക് സ്വന്തം പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വഭാവദൂഷ്യത്തിന് മുന്നിൽ മിണ്ടാട്ടമില്ല. കസ്റ്റഡി കൊലപാതകങ്ങളിൽ കുറ്റവാളികളായ പോലീസുകാരെല്ലാം പ്രമോഷനോടെ ഉദ്യോഗത്തിലുണ്ട്.
ജനങ്ങളെ വെല്ലുവിളിക്കുന്ന നയമാണ് പോലീസിന്റെയും ഇടതുസർക്കിരാന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സൗമ്യക്കും രജനിക്കും നീതി ലഭിക്കുന്നതുവരെ ബിജെപി സമരവുമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ. അനൂപ്, അനിൽ വള്ളികുന്നം എന്നിവർ പ്രസംഗിച്ചു.