മട്ടന്നൂർ: ഉരുവച്ചാലിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ ജീവൻ പണയം വെക്കണം. വാഹനങ്ങളുടെ അമിതവേഗത കാരണം കാൽനട യാത്രക്കാർ ഓടി രക്ഷപ്പെടുകയാണ്.
റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞെങ്കിലും സീബ്രാ ലൈൻ ഇല്ലാത്തതാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പെടാപാട് പെടുന്നത്.
ശിവപുരം, മാലൂർ, പേരാവൂർ, തില്ലങ്കേരി, കാക്കയങ്ങാട്, മണക്കായി എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളിൽ നിന്ന് ഇറങ്ങുന്ന സ്തീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ റോഡ് മുറിച്ച് കടക്കാൻ ഭയപ്പെടുകയാണ്.
കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച 60കാരൻ ബസിനടിയിൽപെടാതെ രക്ഷപ്പെട്ടത് തലനാരഴിയ്ക്കാണ്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ബസ് അപകടത്തിൽപെട്ട് 8 വാഹനങ്ങളാണ് തകർന്നത്.
തലശേരി-കുടക് പാതയായ ഉരുവച്ചാൽ ടൗണിൽ വാഹന തിരക്കിൽ വീർപ്പ് മുട്ടുകയാണ്.റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യമോ, അപകട മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തത് ബസ് ഇറങ്ങി മറുഭാഗത്തേക്ക് കടക്കേണ്ട യാത്രക്കാർ ഏറെ പാടുപെടുകയാണ്.
മൂന്ന് റോഡിനെ ബന്ധിക്കുന്ന ഉരുവച്ചാൽ ജംഗ്ഷൻ അപകടം പതുങ്ങി നിൽക്കുകയാണ്. നിരവധി അപകടങ്ങൾ നടക്കുകയും ഏതാനും പേരുടെ ജീവനുകൾ പൊലിഞ്ഞ സ്ഥലമാണ് ഉരുവച്ചാൽ ടൗൺ.
റോഡ് വീതി കൂടിയതോടെ തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്നത് അപകടത്തിനിടയാവുകയാണ്. അടുത്ത അപകടം നടക്കുന്നതിന് മുമ്പേ അടിയന്തരമായി യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള നടപടി അധികൃതർ എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.