സഹോദരി കല്പ്പനയുമായി നിലനിന്നിരുന്ന പിണക്കത്തെക്കുറിച്ച് മനസ്സു തുറന്ന് ഉര്വശി. കല്പ്പനയുമായുള്ള പ്രശ്നങ്ങള് പറഞ്ഞുതീര്ക്കാന് കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ജീവിതത്തില് നാം ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങള് നടക്കുന്നതെന്നും ഉര്വശി പറയുന്നു. ഒരു ചാനല് പരിപാടിയിയ്ക്കിടെയാണ് ഉര്വ്വശി ഇക്കാര്യം പറഞ്ഞത്.
‘കൊച്ചിലേ മുതലേ തന്നെ അവള് എന്നെ ഭരിക്കുമായിരുന്നു. അതിനുവേണ്ടി അവള്ക്ക് ദൈവം നല്കിയതായിരുന്നു എന്നെ. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്ന്നാണ് ഞങ്ങള് പിണങ്ങിയത്. അവള് പറഞ്ഞത് കേള്ക്കാതെയായിരുന്നു ഞാന് ആ തീരുമാനമെടുത്തത്. കല്പന പറഞ്ഞിരുന്ന വസ്ത്രമാണ് ധരിച്ചുകൊണ്ടിരുന്നത്. സിനിമകള് കണ്ട് അഭിപ്രായം പറഞ്ഞിരുന്നതും അവള് തന്നെ. അങ്ങനെയുള്ള ഞാന് ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോള് ഞങ്ങള്ക്കിടയില് ചെറിയ അകല്ച്ച വന്നു.’ ഉര്വ്വശി പറയുന്നു.
25-ാം തിയതി കല്പന ചേച്ചി മരിക്കുന്നു. 23-ാം തിയതി ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാന് തിരുവനന്തപുരത്തെത്തി. പരിപാടി കഴിഞ്ഞു നേരെ കൊച്ചിയിലേക്ക് പോകാമെന്നും മോനെ അവിടെ നിര്ത്തി ചേച്ചി-അനിയത്തി പിണക്കം മാറ്റണമെന്നും ചേട്ടന് എന്നോട് പറഞ്ഞിരുന്നു.’ അമ്മയോടു കാര്യം ഞാനും ഇക്കാര്യം പറഞ്ഞു. 26-ാം തിയതി ഞാന് അവിടെ എത്തുമെന്നും അറിയിച്ചു. എന്റെ മോനെ അവള്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.ചേച്ചി ഹൈദരാബാദില് പോകാനായി നില്ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല് പറഞ്ഞ ദിവസം ഞാന് ചെല്ലുമ്പോള് അവളുടെ മൃതശരീരമാണ് കാണുന്നത്. കുറേ കാര്യങ്ങള് പറഞ്ഞ് തീര്ക്കാന് കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഇപ്പോഴുമുണ്ട്. പക്ഷേ നമ്മുടെ ജീവിതം നമ്മള് ആഗ്രഹിക്കുന്നതുപോലെയല്ലല്ലോ നടക്കുന്നത്.’-ഉര്വശി പറഞ്ഞു.
തങ്ങളുടെ കുടുംബത്തിന്റെ അത്ര ഐക്യം മറ്റൊരിടത്തും കാണാന് സാധിക്കില്ലെന്നു പറഞ്ഞ ഉര്വശി. തന്റെ ഒരു പ്രണയം(മനോജ് കെ ജയനുമായുള്ള ബന്ധം) കല്പന ചേച്ചി എതിര്ത്തുവെന്നു പറയുന്നു. ”അത് വേണ്ട എന്നവള് ശഠിച്ചു. അതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് കല്പന ചേച്ചിയാണ്. 24 വയസ്സ് വരെ ഞാന് എന്ത് ചെയ്യുന്നതും കല്പന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കല്പന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്.അത്രയും നിഴല് പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാന് സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മനപ്രയാസമായിരുന്നു ആ പിണക്കത്തിന് കാരണം.
അത് ശരിയല്ല, അങ്ങനെ ചെയ്യാന് പാടില്ല എന്നൊക്കെ കല്പന ചേച്ചി പറഞ്ഞപ്പോള് അതിനെ അതിജീവിക്കാനാണ് ഞാന് ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാള് കൂടുതല് അറിവ് അവള്ക്കുണ്ടായിരുന്നു. എന്നിട്ടും ഞാന് അനുസരിച്ചില്ല. പിന്നീട് കല്പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള് പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തപ്പോള് എനിക്ക് കോംപ്ലക്സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്ത്തപ്പോള് എനിക്കവളെ നേരിടാന് പ്രയാസമായി തോന്നി. ഈ കോംപ്ലക്സിന്റെ പേരിലുള്ള അകല്ച്ചയായിരുന്നു പിന്നീടുള്ള പത്തു വര്ഷങ്ങളില് ഞങ്ങള് മിണ്ടാതിരുന്നതിനുള്ള കാരണം. ഒടുവില് അതെല്ലാം മാറി സന്തോഷത്തോടെ കഴിയുമ്പോള് അവളെ ദൈവം കൊണ്ടുപോകുകയും ചെയ്തു. ഉര്വശി കണ്ണീരോടെ പറയുന്നു.