അഭിമുഖത്തിനിടയിലെ പരാമര്ശം വ്യാപകമായി വിമര്ശിക്കപ്പെട്ടതിനു പിന്നാലെ ക്ഷമാപണവുമായി ബോളിവുഡ് താരം ഉര്വശി റൗട്ടേല. വീട്ടില് അതിക്രമിച്ച് കയറിയ മോഷ്ടാവില് നിന്ന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില് കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്വശി റൗട്ടേല നല്കിയ മറുപടിയാണ് വിമര്ശിക്കപ്പെട്ടത്. ഇതോടെയാണ് ഉര്വശി റൗട്ടേല ക്ഷമാപണവുമായി എത്തിയത്.
അഭിമുഖത്തില് സെയ്ഫ് അലി ഖാന് നേരിട്ട അപകടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്വശി റൗട്ടേലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു- ‘അത് വളരെ ദൗര്ഭാഗ്യകരമാണ്. ഇപ്പോള് ഡാകു മഹാരാജ് ബോക്സ് ഓഫീസില് 105 കോടി നേടിയിരിക്കുകയാണ്. ഈ വിജയത്തിന് അമ്മ എനിക്ക് വജ്രങ്ങള് പതിച്ച ഈ (കൈ ഉയര്ത്തി കാട്ടിക്കൊണ്ട്) റോളക്സ് വാച്ച് സമ്മാനിച്ചു. അച്ഛന് വിരലില് ഇടാവുന്ന ഈ മിനി വാച്ചും നല്കി. പക്ഷേ, പുറത്ത് ഇത് ആത്മവിശ്വാസത്തോടെ ധരിക്കാന് നമുക്ക് സാധിക്കില്ല. ആരും നമ്മളെ ആക്രമിച്ചേക്കാമെന്ന അരക്ഷിതത്വമുണ്ട്. സംഭവിച്ചത് വളരെ ദൗര്ഭാഗ്യകരമായിപ്പോയി’- എന്നായിരുന്നു ഉര്വശിയുടെ മറുപടി.
അഭിമുഖം വിവാദമായതിനു പിന്നാലെ നടത്തിയ ക്ഷമാപണത്തില് സാഹചര്യത്തിന്റെ തീവ്രത തനിക്ക് അറിയുമായിരുന്നില്ലെന്ന് നടി പറയുന്നു- പ്രിയ സെയ്ഫ് അലി ഖാന് സര്, വലിയ കുറ്റബോധത്തോടെയാണ് ഈ ക്ഷമാപണം. നിങ്ങള് എന്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസിലാക്കാതെ എന്റെ സിനിമയുടെ വിജയം നല്കിയ ആവേശത്തില് ആയിപ്പോയത് എന്നെ ലജ്ജിപ്പിക്കുന്നു. അറിവുകേടു ക്ഷമിക്കുക. എന്തെങ്കിലും സഹായത്തിനുള്ള അവസരം എനിക്ക് ഉണ്ടെങ്കില് അത് അറിയിക്കാന് മടിക്കരുത്- ഉര്വശി റൗട്ടേല വിശദീകരണ കുറിപ്പില് പറയുന്നു.