ഏത് തരം കഥാപാത്രമാണെങ്കിലും തന്റെ അനായാസമായ അഭിനയ മികവിലൂടെ വിജയിപ്പിക്കുന്ന നടിയാണ് ഉർവശി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് ഉർവശിക്കുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് താരം പ്രേക്ഷക സ്വീകാര്യത നേടി.
സിനിമാ വിശേഷങ്ങൾക്കൊപ്പം ഉർവശിയുടെ വ്യക്തി ജീവിതവും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സഹോദരി കല്പ്പനയുടെ മരണം ഉര്‍വശിയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഉര്‍വശിയെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ച മറ്റൊരു സംഭവമായിരുന്നു സഹോദരന് പ്രിന്‍സിന്റെ ആത്മഹത്യ. അപ്രതീക്ഷിതമായ ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ ഉര്‍വശിക്കും കുടുംബത്തിനും സമയമെടുത്തു.
ഇതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സഹോദരന്റെ മരണം ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്നും അന്ന് ഉര്‍വശി തുറന്ന് പറഞ്ഞിരുന്നു. ആത്മഹത്യക്കുള്ള കാരണത്തെക്കുറിച്ചും ഉര്‍വശി സംസാരിച്ചു.
പതിനേഴ് വയസായിരുന്നു. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാന്‍ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എന്തിന് ഇങ്ങനെയൊരു മരണം ഉണ്ടായി എന്നതില്‍ ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല.
എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും സഹോദരന്റെ വിയോഗം ബാധിച്ചു. കല ചേച്ചി ഏഴ് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് മരണം. സ്കാനിംഗില്‍ പെണ്‍കുട്ടി ആണെന്നാണ് പറഞ്ഞത്. പക്ഷെ രണ്ട് മാസം കഴിഞ്ഞ് പ്രസവിച്ചത് ആണ്‍കുട്ടിയാണ്. അവനാണ് വന്ന് ജനിച്ചത് എന്ന് ചിന്തിച്ച് ഞങ്ങളെല്ലാവരും അതിലേക്ക് അങ്ങ് മാറി.
സഹോദരന്റെ ക്ലാസിലെ ആറേഴ് കുട്ടികള്‍ അടുപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്തോയൊന്നില്‍ അവര്‍ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ പറ്റുമായിരുന്നിരിക്കാം. മരണം നടക്കുമ്പോള്‍ ഞങ്ങള്‍ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസിലേക്ക് അമ്മയെ ഒന്നും അറിയാക്കാതെ കൊണ്ട് പോകുന്നത് വരെയുള്ള സമയം അന്നത്തെ എന്റെ പ്രായത്തിന് താങ്ങാവുന്നതായിരുന്നില്ലെന്നും ഉര്‍വശി ഓര്‍ത്തു.