മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുമായിരുന്നു. അന്ന് സിനിമയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കുറവായിരുന്നു. സിനിമ എന്നുപറയുന്നത് അപ്രാപ്യമായ മേഖലയാണ് എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരായിരുന്നു അക്കാലത്തുണ്ടായിരുന്നത്.
ഇപ്പോള്‍ നമ്മള് ഒരു സ്ട്രീറ്റില്‍ പോയി കാമറ ഇറക്കിവച്ച് ഷൂട്ട് തുടങ്ങുമ്പോള്‍ പഴയതുപോലെ ശല്യമായി മാറുന്ന ആള്‍ക്കൂട്ടമില്ല. കാരണം ആ ചെറിയ സ്ഥലത്തുതന്നെ കുറഞ്ഞത് ഒരു അഞ്ച് കുടുംബങ്ങളിലെങ്കിലും കാണും വിഷ്വല്‍ മീഡിയയുമായി ബന്ധമുള്ള ഒരാൾ.
ഈ ജോലിയുടെ ഗൗരവം മനസിലാക്കിയ ആളുകളുടെ എണ്ണം വര്‍ധിച്ചു. അതോടെ ശല്യവും കുറഞ്ഞു. ഇപ്പോള്‍ സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്. നമ്മുടെ ധൃതിയെക്കുറിച്ചോ നമ്മള് ഏത് മാനസികാവസ്ഥയിലാണ് നില്‍ക്കുന്നത് എന്നതിനെക്കുറിച്ചോ ബോധ്യമില്ലാതെ മൊബൈലുമായി വന്ന് ശല്യം ചെയ്യുന്നവരോട് ദേഷ്യം തോന്നും. അത് സ്വാഭാവികമാണ്.
-ഉർവശി