എന്റെ ഒരു പ്രണയം കല്‍പ്പന ചേച്ചി എതിര്‍ത്തു! അത് വേണ്ട എന്നവള്‍ ശഠിച്ചു; കോപ്ലക്‌സിന്റെ പേരില്‍ സംഭവിച്ചതാണ് പിന്നീടുള്ള പിണക്കങ്ങളെല്ലാം; കല്‍പ്പനയെക്കുറിച്ച് ഉര്‍വ്വശി മനസുതുറക്കുന്നു

സിനിമയില്‍ ആളുകള്‍ക്ക് പരസ്പരമുള്ള ശത്രുതയുടെ കഥകള്‍ പലപ്പോഴും പരസ്യമായ രഹസ്യമാണ്. ഈഗോ പ്രശ്‌നമാണ് പലര്‍ക്കും പാരയാവുന്നത്. സിനിമയില്‍ തന്നെ ജോലി ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെയും സഹോദരീസഹോദരന്മാരുടെയും കാര്യത്തില്‍ പ്രത്യേകിച്ച്.

അത്തരത്തില്‍ മലയാളത്തില്‍ കുറച്ചുകാലം ചര്‍ച്ചയായ പിണക്കമായിരുന്നു ഉര്‍വശിയും കല്‍പനയും തമ്മിലുണ്ടായത്. ഉര്‍വശി തന്നെ എതിര്‍ത്ത് മനോജ് കെ ജയനെ വിവാഹം ചെയ്തിന്റെ പേരില്‍ പത്ത് വര്‍ഷമാണ് ഇരുവരും മിണ്ടാതിരുന്നത്. ആ പിണക്കത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഉര്‍വശി.

എന്റെ കുടുംബംത്തിലുള്ളത്രയും ഐക്യം ഒരിക്കലും മറ്റൊരു സിനിമാ കുടുംബത്തിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഏറ്റവും അടുപ്പമുള്ളിടത്താണല്ലോ ഒരു ചെറിയ അകല്‍ച്ച വന്നാലും വലുതായി കാണുന്നത്. ഇപ്പോള്‍ പോലും എനിക്ക് എത്ര അളവിന് ആഹാരം എടുക്കണം എന്ന് പോലും എനിക്കറിയില്ല. കാരണം ഞാന്‍ വീട്ടില്‍ ഇളയതാണ്. ഒന്നുകില്‍ അമ്മ വാരിത്തരും അല്ലെങ്കില്‍ കലചേച്ചിയോ കല്‍പന ചേച്ചിയോ വാരിത്തരും. അത്രയേറെ ഐക്യത്തോടെയാണ് ഞങ്ങള്‍ ജീവിച്ചത്.

പക്ഷെ എന്റെ ഒരു പ്രണയം (മനോജ് കെ ജയനുമായുള്ള ബന്ധം) കല്‍പന ചേച്ചി എതിര്‍ത്തു. അത് വേണ്ട എന്നവള്‍ ശഠിച്ചു. അതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് കല്‍പന ചേച്ചിയാണ്. 24 വയസ്സ് വരെ ഞാന്‍ എന്ത് ചെയ്യുന്നതും കല്‍പന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കല്‍പന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്. അത്രയും നിഴല്‍ പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാന്‍ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കാതിരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മാനസിക പ്രശ്നമായിരുന്നു ആ പിണക്കത്തിന് കാരണം.

അത് ശരിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെ കല്‍പന ചേച്ചി പറഞ്ഞപ്പോള്‍ അതിനെ അതിജീവിക്കാനും എതിര്‍ക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാള്‍ കൂടുതല്‍ അറിവ് അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അനുസരിച്ചില്ല. പിന്നീട് കല്‍പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള്‍ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോള്‍ എനിക്ക് കോംപ്ലക്സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കവളെ നേരിടാന്‍ പ്രയാസമായി തോന്നി. അതാണ് സംഭവിച്ചത്.

അതൊരു പിണക്കമായിരുന്നില്ല. ഒരിക്കലും. കോംപ്ലക്സിന്റെ പേരില്‍ സംഭവിച്ച അകല്‍ച്ചയായിരുന്നു. പത്ത് വര്‍ഷത്തോളം ഈ പേരില്‍ ഞങ്ങള്‍ പരസ്പരം മിണ്ടാതെയായി. അതൊക്കെ മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്. ഉര്‍വശി പറയുന്നു. അവളെ പോലൊരു നടി ഇനിയുണ്ടാവില്ല. കല്‍പനയെ പോലെ കല്‍പന മാത്രമേയുള്ളൂ. എന്നിട്ടും അവള്‍ക്കൊരു പുരസ്‌കാരം നല്‍കിയില്ല. മരിച്ചപ്പോള്‍ എല്ലാവരും പുരസ്‌കാരം വച്ച് നീട്ടി, അത് സ്വീകരിക്കാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ വിഷമം തോന്നി. ഉര്‍വശി പറഞ്ഞുനിര്‍ത്തുന്നു.

Related posts