ചെറിയൊരു ഇടവേളയ് ക്കു ശേഷം നടി ഉർവശി മലയാളത്തിൽ തിരിച്ചെത്തുന്നു. മലയാളം വിട്ട് തമിഴിൽ സജീവമായിരുന്ന ഉർവശി വിനീത് ശ്രീനിവാസൻ നായകനാകുന്ന അരവിന്ദിന്റെ അതിഥികൾ എന്ന പുതിയ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്.
ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘കഥ പറയുന്പോൾ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ എം മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശാന്തി കൃഷ്ണയും അരവിന്ദന്റെ അതിഥികളിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസൻ, അജു വർഗീസ്, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഉർവശിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ദിലീപ് ചിത്രം ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നിഖില വിമലാണ് ചിത്രത്തിലെ നായിക. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് നിഖില ഇപ്പോൾ അഭിനയിക്കുന്നത്.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉർവശി ഒരു മലയാളം സിനിമയിൽ അഭിനയിക്കുന്നത്.
2014ൽ ഇറങ്ങിയ മൈ ഡിയർ മമ്മി എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.