വാഷിംഗ്ടൺ ഡിസി: ബജറ്റ് പാസാക്കുന്നതിൽ ഭരണപക്ഷ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മിൽ തുടരുന്ന അഭിപ്രായവ്യത്യാസം അമേരിക്കയിൽ വീണ്ടും സർക്കാർ സ്തംഭനത്തിന് (ഷട്ട്ഡൗൺ) ഇടയാക്കിയേക്കും.
സാന്പത്തികവർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനു മുന്പായി ബജറ്റ് പാസാക്കിയാലേ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് ഫണ്ട് ലഭിക്കൂ.
അന്തിമതീയതി അടുക്കുന്ന സമയത്ത് ബജറ്റ് പാസാക്കാതെതന്നെ ഫണ്ട് ലഭ്യമാക്കുന്ന ഒത്തുതീർപ്പിൽ ഭരണ- പ്രതിപക്ഷങ്ങൾ എത്താറാണ് സാധാരണ പതിവ്. എന്നാൽ ഇക്കുറി ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം തീവ്രനിലപാടുകാർ ഒരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ല.
കർശനമായ ചെലവുചുരുക്കൽ നടപടികൾക്കു പുറമേ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു സാന്പത്തികസഹായം നല്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയടക്കമുള്ള മിതാവാദി റിപ്പബ്ലിക്കന്മാർ ഡെമോക്രാറ്റുകളുമായി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണ്.
ഇങ്ങനെ സംഭവിച്ചാൽ മക്കാർത്തിയുടെ സ്പീക്കർ പദവി തെറിപ്പിക്കുമെന്നാണ് തീവ്ര റിപ്പബ്ലിക്കന്മാർ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ സർക്കാർ ഏജൻസികളിലെ വലിയൊരു വിഭാഗം ഫണ്ടിന്റെ അഭാവത്താൽ ഞായാറാഴ്ച മുതൽ പ്രവർത്തനം നിർത്തിവയ്ക്കും.
സോഷ്യൽ സെക്യൂരിറ്റി ഇടപാടുകൾ തടസപ്പെടാം. ഭക്ഷ്യസുരക്ഷ നിർത്തിവയ്ക്കേണ്ടിവരും. ദേശീയ ഉദ്യാനങ്ങളും പൂട്ടും. നികുതി റീഫണ്ട് പ്രവർത്തനങ്ങളെയും ബാധിക്കാം. പോലീസ്, ആരോഗ്യ സുരക്ഷ, വ്യോമയാനം, ഊർജം തുടങ്ങിയ മേഖലകളിലെ ഏജൻസികൾ മാത്രമേ പ്രവർത്തിക്കൂ. 50 വർഷത്തിനിടെ അമേരിക്ക നേരിടുന്ന 22-ാമത് ഷട്ട്ഡൗൺ ആയിരിക്കുമിത്. അവസാനത്തേത് 2019ലായിരുന്നു.