സാൻഫ്രാൻസിസ്കോ: യുഎസും ചൈനയും സൈനികതല ആശയവിനിമയം പുനരാരംഭിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും സാൻഫ്രാൻസിസ്കോയിൽ നടത്തിയ ഉച്ചകോടിയിലാണു തീരുമാനം.
യുഎസ് സ്പീക്കറായിരുന്ന നാൻസി പെലോസി കഴിഞ്ഞവർഷം തായ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് ചൈനയാണു സൈനികതല ആശയവിനമയം വിച്ഛേദിച്ചത്.
യുഎസ്, ചൈനീസ് പ്രസിഡന്റുമാർക്കു നേരിട്ട് ആശയവിനമയം നടത്താൻ സൗകര്യമുണ്ടാക്കുമെന്നും ഉച്ചകോടിക്കുശേഷം ബൈഡൻ വ്യക്തമാക്കി. അതേസമയം, ചൈനയുമായി പല കാര്യത്തിലും യുഎസിനുള്ള അഭിപ്രായഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയതന്ത്ര, സഹകരണ മാർഗങ്ങളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചതായി ഷി ചിൻപിംഗ് പറഞ്ഞു.
ഇതിനിടെ, പത്രസമ്മേളനത്തിന്റെ അവസാനം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി ‘ഷി ചിൻപിംഗ് ഏകാധിപതിയാണ്’ എന്ന് ബൈഡൻ പറഞ്ഞതു കല്ലുകടിയായി. ചൈനീസ് വിദേശകാര്യ മന്ത്രാലയം ബൈഡന്റെ പ്രസ്താവനയെ വിമർശിച്ചു.
ഒരു വർഷത്തിനുശേഷമാണു ബൈഡനും ചിൻപിംഗും മുഖാമുഖം ചർച്ച നടത്തുന്നത്. ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു ചിൻപിംഗ് യുഎസിൽ സന്ദർശനത്തിനെത്തിയത്.