ന്യൂഡൽഹി: യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. രണ്ട് ആഗോള ഭീമന്മാർ തമ്മിലുള്ള സംഘർഷം മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങൾ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നമ്മുടെ ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി താരതമ്യേന ചെറുതാണ്. ചില പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ദോഷകരമാകും, പക്ഷേ ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സ്വഭാവത്തെയും വളർച്ചയെയും കാര്യമായി മാറ്റാൻ പോകുന്നില്ല – രഘുറാം രാജൻ പറഞ്ഞു.
യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ അനിശ്ചിതത്വം മുതലെടുത്ത് ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കിയാൽ നിക്ഷേപവും കയറ്റുമതിയും വർധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.