ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പുകഴ്ത്തി ഡെമോക്രാറ്റ് നേതാവ് സ്റ്റെനി ഹോയർ. നെഹ്റുവിനെ പരസ്യമായി ആക്രമിക്കുന്ന മോദിയെ വേദിയിൽ നിർത്തിയായിരുന്നു ഹോയറിന്റെ പരാമർശങ്ങൾ. നെഹ്റുവിന്റെ നിലപാടുകളും ജനാധിപത്യത്തിനു നൽകിയ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.
അമേരിക്കയെ പോലെ തന്നെ ഇന്ത്യയും അതിന്റെ പുരാതന പാരന്പര്യങ്ങളിൽ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ ഉപദേശങ്ങളും നെഹ്റുവിന്റെയും ഉൾക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ആ രാജ്യത്ത് ബഹുസ്വരതയും വ്യക്തികളുടെ മനുഷ്യാവകാശങ്ങളും ആദരിക്കപ്പെട്ടു- സ്റ്റെനി ഹോയർ പറഞ്ഞു. ശക്തനു നൽകുന്ന പോലെ അവശരായവർക്കും അവസരമൊരുക്കുക എന്ന ഗാന്ധിജിയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നെഹ്റുവിനെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിനിടെയാണു ഹൂസ്റ്റണിൽ മോദിയെ വേദിയിൽ നിർത്തി നെഹ്റു പരാമർശിക്കപ്പെട്ടത്. പാക് അധീന കാഷ്മീരിന്റെ രൂപീകരണത്തിനു കാരണം നെഹ്റുവാണെന്ന് അമിത് ഷാ ഞായറാഴ്ചയും പറഞ്ഞിരുന്നു.