ന്യൂഡൽഹി: സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽനിന്ന് അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ ഇന്ത്യ വാങ്ങുന്നു. ഏകദേശം നാലു ബില്യണ്‍ ഡോളറിന്റെ ( 33,000 കോടി രൂപ) കരാർ യുഎസ് അംഗീകരിച്ചു. എംക്യു-9ബി ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് യുഎസ് കോണ്‍ഗ്രസിന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പപറേഷൻ ഏജൻസി നൽകിയതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ നടത്തിയ യുഎസ് സന്ദർശനത്തിനിടയിലാണ് 31 എംക്യു-9ബി സ്കൈ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനുള്ള താത്പര്യം അറിയിച്ചത്. കരാറിന് യുഎസ് അംഗീകാരം നൽകിയത് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെയും ഭാവിയിലെയും പ്രതിരോധഭീഷണികൾ നേരിടാൻ യുഎസിൽനിന്നുള്ള ഡ്രോണുകൾ ഇന്ത്യക്ക് കൂടുതൽ കരുത്തേകുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. ഡ്രോണ്‍ കൈമാറ്റം യുഎസിന്റെ വിദേശകാര്യനയവും ദേശീയസുരക്ഷയും മുൻനിർത്തിയുള്ള പരിഗണനകൾക്ക് പിന്തുണയേകും.
യുഎസ്-ഇന്ത്യ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാനും തങ്ങളുടെ പ്രമുഖ പ്രതിരോധപങ്കാളിയുടെ സുരക്ഷിതത്വം വർധിപ്പിക്കാനും കരാർ സഹായിക്കും. ഇന്ത്യ-പസഫിക്, ദക്ഷിണേഷ്യൻ സമുദ്രമേഖലകളിലെ രാഷ്ട്രീയസുസ്ഥിരത, സമാധാനം, സാന്പത്തിക വികസനം എന്നിവയ്ക്ക് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്.
തങ്ങളുടെ സൈനികശേഷി കൂടുതൽ ആധുനികവത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നിരന്തരം നടത്തിവരുന്നതായും അക്കാരണത്താൽത്തന്നെ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ തങ്ങളുടെ സൈനികശേഷിയുടെ ഭാഗമാക്കാൻ ഇന്ത്യക്ക് പ്രയാസമുണ്ടാകില്ലെന്നും ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി കൂട്ടിച്ചേർത്തു.
യുഎസിൽനിന്ന് ഡ്രോണുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിട്ട് ആറ് കൊല്ലത്തോളമായി. യുഎസിൽനിന്ന് ലഭ്യമാക്കുന്ന 31 ഡ്രോണുകൾ കര, നാവിക, വ്യോമസേനാ വിഭാഗങ്ങൾ ഉപയോഗിക്കും. സമുദ്രമേഖലയുൾപ്പെടെ ആളില്ലാ നിരീക്ഷണം കൂടുതൽ ശക്തമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളിൽ ഈ ഡ്രോണുകൾ ഇന്ത്യക്ക് സഹായകമാവും.
സ്വന്തം ലേഖകൻ