ലോസ്ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയയിൽ വിനോദയാത്രയ്ക്കിടെ നാലംഗ മലയാളി കുടുംബത്തെ കാണാതായ സംഭവം അപകടമെന്ന് സൂചന. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് എസ്യുവി വാഹനം കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നദിയിലേക്ക് ഒഴുകിപ്പോയെന്നാണ് ദൃക്സാക്ഷിയും പോലീസും അറിയിച്ചത്.
സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായത്. പോർട്ട്ലാൻഡിൽനിന്നു സാൻഹൊസെ വഴി സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. ലെഗ്ലെറ്റിൽനിന്ന് അഞ്ചു മൈൽ അകലെ ദേശീയപാത 101ൽപ്പെട്ട ഡോറാ ക്രീക്കിൽ വച്ച് ഇവരുടെ വാഹനം 40 അടി താഴ്ചയിലുള്ള ഈൽ നദിയിൽ വീണതായാണ് ദൃക്സാക്ഷിമൊഴി. വെള്ളിയാഴ്ച കലിഫോർണിയയിൽ കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായിരുന്നു.
അതേസമയം, കനത്ത മൂടൽമഞ്ഞും നദിയിലെ ഒഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, സന്ദീപിന്റെ വാഹനംതന്നെയാണ് മുങ്ങിപ്പോയതെന്നു സ്ഥിരീകരിക്കാൻ പോലീസ് തയാറായിട്ടില്ല.
കലിഫോർണിയ ഹൈവേ പട്രോളിംഗ് പോലീസ് നൽകുന്ന വിവരമനുസരിച്ച് സന്ദീപിന്റെ വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10ന് ഡോറാ ക്രീക്കിനു സമീപത്തുള്ള ഹൈവേ 101ലൂടെ കടന്നുപോയിരുന്നു. ക്ലാമത്-റെഡ് വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പോലീസ് വ്യക്തമാക്കുന്നു.
ലോസ്ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്കുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയിൽ സാൻഹൊസെയിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോടു പറഞ്ഞത്. അവധിക്കുശേഷം തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നതിനാൽ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.
ലോസ് ആഞ്ചലസിനു സമീപം സാന്റാ ക്ലരീറ്റയിൽ യൂണിയൻ ബാങ്കിൽ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗുജറാത്തിലെ സൂറത്തിലാണു സന്ദീപിന്റെ കുടുംബം താമസിക്കുന്നത്. സൗമ്യയുടെ കുടുംബം കൊച്ചിയിലാണ്. 12 വർഷമായി ഇവർ അമേരിക്കയിലെത്തിയിട്ട്.
അതേസമയം, കുടുംബത്തെ കണ്ടെത്താനായി എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും കലിഫോർണിയയിലെ കോൺസു ലേറ്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.