ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബം തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു പശുവിനെ എഴുന്നള്ളിക്കുകയും വീട്ടുകാരെല്ലാവരുമൊന്നിച്ച് പശുവിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തത് സമൂഹമാധ്യമത്തിൽ വൈറലായി.
യുഎസിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷേത്രയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പങ്കുവയ്ക്കപ്പെട്ടു.
വീഡിയോയില്‍ പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി ഒരാൾ കടന്നുവരുന്നു. പശുവിനെ വീടിനുള്ളിലേക്കു കയറ്റിയശേഷം കഴിക്കാനായി ഭക്ഷണം നല്‍കുകയും ചെയ്യുന്നു.
അതിനിടെ ചില സ്ത്രീകൾ പശുവിന് ആരതിയും ഉഴിഞ്ഞു. ഏറ്റവും ഒടുവിൽ വീട്ടുകാരെല്ലാവരുമൊന്നിച്ച് പശുവിനൊപ്പം ഫോട്ടോയുമെടുത്തു.
അമേരിക്കയിലെ ഇന്ത്യക്കാർക്ക് ലജ്ജയും നാണക്കേടും ഇതുണ്ടാക്കുമെന്ന് ഒരു കാഴ്ചക്കാരന് എഴുതിയപ്പോൾ പശുക്കളുടെ സാന്നിധ്യം പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.