റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കയ്ക്ക് പിന്നാലെതന്നെയുണ്ട്, അവര്‍ നമ്മളെ വിട്ടുപോകില്ല! യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ അട്ടിമറി; ഒബാമ മറച്ചു വച്ചു ആ രഹസ്യം

683141918.0റഷ്യന്‍ ഹാക്കര്‍മാരുടെ സഹായത്തോടെയാണ് ട്രംപ് അധികാരത്തിലെത്തിയതെന്ന് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതുമുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നതാണ്. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നുമില്ല. അതിനിടെയാണ് ഏറ്റവും പുതിയ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. യുഎസിലെ 39 സ്റ്റേറ്റുകളിലെ വോട്ടിങ് സംവിധാനം തകിടം മറിക്കാനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചു എന്നതാണത്. നേരത്തേ കരുതിയിരുന്നതിനെക്കാളും ഇരട്ടിയിലേറെ സ്റ്റേറ്റുകള്‍ ആക്രമിക്കപ്പെട്ടു എന്നാണ് അന്വേഷണത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് നാളുകള്‍ക്ക് മുമ്പേ റഷ്യയുടെ ശ്രമങ്ങള്‍ അമേരിക്ക തിരിച്ചറിയുകയും വേണ്ട പ്രതിരോധ നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു.

അന്നത്തെ പ്രസിഡന്റ് ബറാക്ക് ഒബാമ റഷ്യയുമായി രഹസ്യ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാര്‍ക്ക് നേരിട്ട് രഹസ്യസംഭാഷണത്തിന് അവസരമൊരുക്കുന്ന ‘റെഡ് ഫോണ്‍’ സംവിധാനത്തിലൂടെയായിരുന്നു ഈ ആശയവിനിമയം നടത്തിയത്. എന്നാല്‍ സംഭവത്തെപ്പറ്റി തങ്ങള്‍ അന്വേഷിക്കാമെന്ന് മാത്രമായിരുന്നു റഷ്യയുടെ പ്രതികരണം. ഒന്നരക്കോടി വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ ഡേറ്റബേസാണ് ഹാക്കര്‍മാര്‍ക്കു ലഭിച്ചത്. അതില്‍ത്തന്നെ 90,000 റെക്കോര്‍ഡുകളിലും കടന്നുകയറ്റമുണ്ടായതായും അന്വേഷകര്‍ പറയുന്നു. യുഎസ് വോട്ടിങ്ങിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്ന കമ്പനിക്കു നേരെയായിരുന്നു ആക്രമണമെന്നും വ്യക്തമായിക്കഴിഞ്ഞു. മാത്രവുമല്ല ഇമെയില്‍ വഴി ‘ഫിഷിങ്’ നടത്തി നൂറിലേറെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാനും ശ്രമമുണ്ടായി. റഷ്യന്‍ ഹാക്കര്‍മാര്‍ ‘ലോക്കല്‍ കംപ്യൂട്ടറുകളെ’ തെരഞ്ഞുപിടിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.

683399422

വോട്ടിങ് പ്രക്രിയയെ മന്ദഗതിയിലാക്കാനും തിരഞ്ഞെടുപ്പിനുതന്നെ തുരങ്കം വയ്ക്കാനുമാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതെന്നും അന്വേഷകര്‍ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഹാക്കര്‍മാര്‍ക്കായിട്ടില്ല എന്നാണ് ഇപ്പോഴും കരുതുന്നത്. ഇപ്പോഴത്തെ യുഎസ് ഭരണകൂടവും റഷ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസ് സെനറ്റ് ഇന്റലിജന്റ്‌സ് കമ്മിറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്. റഷ്യയുടെ സൈബര്‍ ഇന്റലിജന്റ്‌സ് വിഭാഗമായ ജിആര്‍യു ആണ് ഹാക്കിങ്ങിന്റെ കാര്യത്തില്‍ സംശയത്തിന്റെ നിഴലിലുള്ളത്. പക്ഷേ അമേരിക്കയുടെ വോട്ടിങ് സമ്പ്രദായത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാമെന്നതിനാലാണ് ഒബാമ ഭരണകൂടം ആ രേഖകള്‍ പുറത്തുവിടാതിരുന്നതെന്നും ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നെങ്കിലും ചോര്‍ന്ന് പുറത്തെത്തും വരെ ഇതെല്ലാം രഹസ്യമായിത്തന്നെ തുടരുകയും ചെയ്യും. ‘റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കയ്ക്കു പിന്നാലെത്തന്നെയുണ്ട്, അവര്‍ നമ്മളെ വിട്ടുപോകില്ല’ എന്ന എഫ്ബിഐയുടെ മുന്‍തലവന്‍ ജയിംസ് കോമിയുടെ വാക്കുകളും തള്ളിക്കളയാനാവില്ല.

Related posts