വാഷിംഗ്ടൺ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ കൂട്ടി. ഫെഡിന്റെ അടിസ്ഥാന പലിശനിരക്ക് 1.75 ശതമാനത്തിൽനിന്ന് രണ്ടുശതമാനമാക്കി. പത്തുവർഷത്തിനു ശേഷമാണ് നിരക്ക് രണ്ടുശതമാനത്തിലെത്തുന്നത്.ജനുവരിക്കു മുൻപ് രണ്ടുതവണകൂടി പലിശ കൂട്ടുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.
2008-ലെ സാന്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറിയ യുഎസ് സന്പദ്ഘടന ഇപ്പോൾ ശക്തമാണെന്നു പവൽ കണക്കാക്കുന്നു. ഈവർഷം രണ്ടാമത്തെയും മാന്ദ്യത്തിനു ശേഷമുള്ള ഏഴാമത്തെയും പലിശവർധനയാണിത്. ഇക്കൊല്ലം യുഎസ് സാന്പത്തികവളർച്ച 2.8 ശതമാനമാകുമെന്നു ഫെഡ് വിലയിരുത്തി.
പ്രത്യാഘാതം
അമേരിക്കയിൽ പലിശ വേഗം കൂടുന്നത് വികസ്വര രാജ്യങ്ങളിൽനിന്നു മൂലധനനിക്ഷേപം അമേരിക്കയിലേക്കു തിരിച്ചുപോകാൻ കാരണമാകും. ഇതു പിടിച്ചുനിർത്താനും കറൻസി മൂല്യം സംരക്ഷിക്കാനും വികസ്വരരാജ്യങ്ങൾ പലിശ കൂട്ടേണ്ടിവരും.