യുഎസ്: ലോട്ടറിയടിച്ചു ലഭിച്ച ലക്ഷക്കണക്കിനു രൂപ ഉപയോഗിച്ചു ഗ്രാമത്തിലെ കുട്ടികൾക്കായി സ്കൂൾ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സൗലെമാൻ സന എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജൻ.
നോർത്ത് കരോലിന ലോട്ടറി വഴിയാണു സനയെ ഭാഗ്യം കടാക്ഷിച്ചത്. 82.7 ലക്ഷം രൂപ ലോട്ടറി അടിച്ചതിൽ നികുതി കഴിച്ച് 58.94 ലക്ഷം സനയ്ക്കു ലഭിക്കും. ഈ തുക മുഴുവൻ സ്കൂൾ നിർമിക്കാൻ മാറ്റിവയ്ക്കുമെന്നു സന അറിയിച്ചു.
ന്യൂബേൺ നിവാസിയും മാലി സ്വദേശിയുമായ സൗലെമാൻ സന, മാലിയിലെ തന്റെ ഗ്രാമത്തിലാണ് സ്കൂൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ ഗ്രാമത്തിലെ കുട്ടികൾക്കു പഠിക്കാൻ നല്ലൊരു കെട്ടിടമോ മേശയോ പോലുമില്ല.
അതിനാൽ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ മഹാഭാഗ്യം അവരുടെ കൂടി സന്തോഷത്തിനായി വിനിയോഗിക്കുകയാണെന്നു സന പറഞ്ഞു.
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധപ്രവർത്തക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എൻസി എഡ്യൂക്കേഷൻ ലോട്ടറിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് സന ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
നൂറുകണക്കിനാളുകളാണ് സനയുടെ തീരുമാനത്തെ അഭിനന്ദിച്ചു സന്ദേശങ്ങൾ അയച്ചത്.