യുക്രൈന് വിഷയത്തില് ‘ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന്’ റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കന് മാധ്യമങ്ങള്.
സമര്ഖണ്ഡിലെ മോദി-പുടിന് സംഭാഷണം മുഖ്യധാരാ അമേരിക്കന് മാധ്യമങ്ങള് വലിയ രീതിയിലാണ് ഏറ്റെടുത്തത്.
”ഉക്രെയ്നിലെ റഷ്യയുടെ ആക്രമണത്തില് പുടിനെ മോദി വിമര്ശിച്ചു,” ദി വാഷിങ്ടണ് പോസ്റ്റിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
”ഇന്നത്തെ യുഗം യുദ്ധത്തിനുള്ള കാലമല്ല, ഇതിനെക്കുറിച്ച് ഞാന് നിങ്ങളോട് ഫോണില് സംസാരിച്ചിരുന്നു,” ദിനപത്രം റിപ്പോര്ട്ട് ചെയ്തു.
ഇക്കാര്യത്തില് പുടിന്റെ മറുപടി ഇങ്ങനെയായിരുന്നു…”യുക്രൈനിലെ സംഘര്ഷത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടും നിങ്ങള് നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളും എനിക്കറിയാം. യുക്രൈനിലെ നടപടികള് എത്രയും വേഗം അവസാനിപ്പിക്കാന് ഞങ്ങള് പരമാവധി ശ്രമിക്കും. നിര്ഭാഗ്യവശാല്, യുക്രൈന് നേതൃത്വം ചര്ച്ചകള് ഉപേക്ഷിക്കുന്നതായും യുദ്ധക്കളത്തില് സൈനിക മാര്ഗങ്ങളിലൂടെ ലക്ഷ്യങ്ങള് കൈവരിക്കാന് ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള് എപ്പോഴും നിങ്ങളെ അറിയിക്കും,” മോദിയോടായി പുടിന് പറഞ്ഞു.
വാഷിങ്ടണ് പോസ്റ്റിന്റെയും ന്യൂയോര്ക്ക് ടൈംസിന്റെയും വെബ്പേജിലെ പ്രധാന വാര്ത്തയായിരുന്നു ഇത്.
ഇപ്പോള് യുദ്ധത്തിന്റെ യുഗമല്ലെന്ന് ഇന്ത്യയുടെ നേതാവ് പുടിനോട് പറഞ്ഞതായി ന്യൂയോര്ക്ക് ടൈംസ് അതിന്റെ തലക്കെട്ടില് പറഞ്ഞു.
ഇരു നേതാക്കളും തമ്മില് നടന്ന കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. യുക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് മോദിയുടെ വാക്കുകള്ക്കു മുമ്പ് പുടിന് പറഞ്ഞിരുന്നുവെന്ന് ദിനപത്രം പറയുന്നു.