ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിലെ അലക്സാണ്ടർ സ്വരേവ് – യാനിക് സിന്നർ പ്രീ ക്വാർട്ടർ മത്സരത്തിനിടെ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന മുദ്രാവാക്യം മുഴക്കിയ ആരാധകനെ മൈതാനത്ത് നിന്ന് പുറത്താക്കി.
മത്സരത്തിന്റെ നാലാം സെറ്റിൽ സെർവ് ചെയ്യാനായി ഒരുങ്ങുന്നതിനിടെ, കാണികളിലൊരാൾ ഹിറ്റ്ലർ അനുകൂല മുദ്രാവാക്യം മുഴക്കിയത് സ്വരേവിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്വരേവ് ഉടനടി ഇക്കാര്യം ചെയർ അംപയറെ അറിയിച്ചു.
മുദ്രാവാക്യം വിളിച്ചയാൾ സ്വയം മുന്നോട്ട് വന്ന് മൈതാനത്തിന് പുറത്തേക്ക് പോകണമെന്ന് അംപയർ ആവശ്യപ്പെട്ടെങ്കിലും കാണികൾ നിശബ്ദരായി തുടർന്നു. തുടർന്ന് സുരക്ഷാ ഉദ്യോസ്ഥരെത്തി മറ്റ് കാണികളുടെ സഹായത്തോടെ മുദ്രാവാക്യം വിളിച്ചയാളെ കണ്ടെത്തി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ, മത്സരത്തിൽ സിന്നറിനെ വീഴ്ത്തി സ്വരേവ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. സ്കോർ: 6-4, 3-6, 6-2, 4-6, 6-3.