ന്യൂയോർക്ക്: രണ്ടു വ്യത്യസ്ത തലമുറകളുടെ പോരാട്ടത്തിനാണ് യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസും ബിയാങ്ക ആന്ദ്രെസ്കുവും ഏറ്റുമുട്ടുമ്പോള്‍ ഫ്ളഷിംഗ് മെഡോസ് സാക്ഷ്യം വഹിക്കുക.
സെറീന ആദ്യമായി 1999ൽ യുഎസ് ഓപ്പൺ നേടുന്പോൾ ബിയാങ്ക ജനിച്ചിട്ടില്ലായിരുന്നു. അതേ സെറീനയെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ പത്തൊമ്പതുകാരി ബിയാങ്ക നേരിടാനൊരുങ്ങുകയാണ്. ഇന്ന് രാത്രിയാണ് (ഞായറാഴ്ച പുലർച്ചെ 1.30ന്) ഫൈനൽ.
സെറീന പത്താം യുഎസ് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ബിയാങ്ക ആദ്യ ഗ്രാന്സ്ലാം ഫൈനലില്‍ കന്നിക്കിരീടമാണ് തേടുന്നത്. എലീന സ്വിറ്റോലിനയെ 6-3, 6-1ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. യുഎസ് ഓപ്പണില്‍ മുന്‍ ചാമ്പ്യന്റെ 101-ാമത്തെ ജയമാണ്. ഇതോടെ സെറീന യുഎസ് ഓപ്പണില്‍ ക്രിസ് എവര്‍ട്ടണിന്റെ ജയത്തിനൊപ്പമെത്തി. അമേരിക്കന്‍ താരത്തിന്റെ 33-ാം ഗ്രാന്സ്ലാം ഫൈനലാണ്.
കനേഡിയന്‍ താരം ബിയാങ്ക 7-6(7-3), 7-5ന് ബെലിന്‍ഡ ബെന്സിച്ചിനെയാണ് പരാജയപ്പെടുത്തിയത്. 2019ല്‍ ഇന്ത്യന്‍ വെല്‍സിലും ടൊറന്റോയിലും ജയിച്ച ആന്ദ്രെസ്കു ആദ്യമായൊരു ഗ്രാന്സ്ലാം നേടി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്. ബിയാങ്ക ആദ്യമായി ഒരു ഗ്രാന്സ്ലാം തേടുമ്പോള്‍ സെറീന ഒരു കിരീടം കൂടി നേടിക്കഴിഞ്ഞാല്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്സ്ലാം കിരീടമെന്ന എക്കാലത്തെയും റിക്കാര്‍ഡിനൊപ്പമെത്തും.
കൗമാരവിസ്മയം ബിയാങ്ക
പേര്: ബിയാങ്ക ആന്ദ്രെസ്കു
ജനനം: 2000 ജൂണ്‍ 16
മാതാപിതാക്കള്‍: ഒന്റാരിയോയില്‍ ജനിച്ച ബിയാങ്കയുടെ മാതാപിതാക്കള്‍ റൊമേനിയക്കാരാണ്.
പ്രസിദ്ധിയിലേക്ക്: യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ താരം. യുജിന്‍ ബുഷാറിനുശേഷം (വിംബിള്‍ഡണ്‍ 2014) ഒരു ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന രണ്ടാമത്തെ കാനഡക്കാരി.
റാങ്കിംഗ്: 2018 അവസാനിച്ചപ്പോള്‍ 178-ാം റാങ്കിലായിരുന്നു ബിയാങ്ക ആന്ദ്രെസ്കു. നിലവില്‍ 15-ാം സ്ഥാനത്താണ്. ഇനി പുതിയ റാങ്ക് ലിസ്റ്റ് വരുമ്പോള്‍ ഒമ്പതാം സ്ഥാനത്തെത്തും. ഫൈനലില്‍ സെറീനയെ തോല്‍പ്പിച്ചാല്‍ അഞ്ചാം സ്ഥാനത്തേക്കായിരിക്കും പ്രവേശിക്കുക.
സെറീനയുമായി: ബിയാങ്ക ആന്ദ്രെസ്കുവും സെറീനയും മുമ്പ് ഒരു തവണ ഏറ്റുമുട്ടി. ഓഗസ്റ്റില്‍ നടന്ന റോജേഴ്സ് കപ്പ് ഫൈനലിലായിരുന്നു അത്. ആ മത്സരത്തില്‍ 1-3ന് പിന്നില്‍നില്‍ക്കുമ്പോള്‍ പുറം വേദനയെത്തുടര്‍ന്നു സെറീന പിന്മാറി.
തലമുറകളുടെ പോരാട്ടം: ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് സെറീന. മൂന്നാഴ്ച കഴിഞ്ഞ് യുഎസ് താരം 38-ാം ജന്മദിനം ആഘോഷിക്കും.
ചരിത്രത്തില്‍: ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ മാര്കീറ്റയ്ക്കുശേഷം ഈ വര്‍ഷം ഗ്രാന്സ്ലാം ഫൈനലിലെത്തുന്ന രണ്ടാമത്തെ കൗമാരതാരമാണ് ബിയാ ങ്ക ആന്ദ്രെസ്കു. 2006ല്‍ യുഎസ് ഓപ്പണില്‍ മരിയ ഷറപ്പോവ ചാമ്പ്യന്മായ ശേഷം കിരീടം തേടുന്ന രണ്ടാമത്തെ കൗമാരതാരമാണ് ആന്ദ്രെസ്കു.
സെറീനയുടെ അവസ്ഥ: 2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയശേഷം സെറീനയ്ക്ക് കഴിഞ്ഞ മൂന്നു ഗ്രാന്സ്ലാം ഫൈനലിലും തോല്‍വിയായിരുന്നു. 2014നുശേഷം സെറീനയ്ക്ക് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടാനായിട്ടില്ല.