ന്യൂയോർക്ക്: ഇരുപതുകാരിയായ നവോമി ഒസാക്ക ചരിത്രം കുറിച്ചു, ഗ്രാൻസ്ലാം കിരീടം ചൂടുന്ന ആദ്യ ജാപ്പനീസ് താരമെന്ന ചരിത്രം. 23 തവണ ഗ്രാൻസ്ലാം സ്വന്തമാക്കിയ അമേരിക്കൻ താരം സെറീന വില്യംസിനെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ കീഴടക്കിയാണ് നവോമി ചരിത്രം കുറിച്ചത്.
താൻ നെഞ്ചിലേറ്റി നടക്കുന്ന ഉത്കൃഷ്ട മാതൃകയായ സെറീനയെയാണ് കന്നി ഗ്രാൻസ്ലാം നേട്ടത്തിനായി കീഴടക്കിയതെന്നത് ജാപ്പനീസ് താരത്തിന്റെ നേട്ടത്തിനു തിളക്കമേകുന്നു. അതേസമയം, ഒസാക്കയുടെ ജയത്തിനിടെയും സെറീന ഉയർത്തിവിട്ട വിവാദം ലോക ടെന്നീസിനെ പിടിച്ചുലച്ചു. 6-2, 6-4നായിരുന്നു ഒസാക്കയുടെ വിജയം. ചെയർ അന്പയറെ കള്ളനെന്നും സ്ത്രീവിരോധിയെന്നും ലിംഗ വേർതിരിവുകാണിക്കുന്നവൻ എന്നുമെല്ലാം വിളിച്ച സെറീന പിഴപോയിന്റിലൂടെയാണ് നിർണായകമായ രണ്ടാം സെറ്റും കൈവിട്ടത്. മത്സരത്തിനുശേഷം അന്പയർ കാർലോസ് റാമോസുമായി കൈകൊടുത്തു പിരിയാനും സെറീന കൂട്ടാക്കിയില്ല.
അതേസമയം, മൽസരശേഷം സമ്മാനദാനത്തിനിടെ കിരീടജേതാവായ നവോമി ഒസാക്കയെ കൂവിയ കാണികളെ സെറീന അതിൽനിന്നു വിലക്കി. നവോമിയുടെ കിരീടജയം ഓർമിക്കത്തക്കതാക്കാൻ ഒന്നിച്ചു ശ്രമിക്കാം- നവോമിയെ ചേർത്തു പിടിച്ച് കണ്ണീരോടെ സെറീന പറഞ്ഞു.
കിരീടം നേടിയ നവോമി ഒസാകയെ അഭിനന്ദിച്ച വനിതാ ടെന്നിസ് അസോസിയേഷൻ, ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഇതായിരുന്നില്ല ആഗ്രഹിച്ചത്
ഇതുപോലെ അവസാനിപ്പിക്കേണ്ടിവന്നതിൽ ദുഃഖമുണ്ട്. ഇതായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്. എല്ലാവരും സെറീനയ്ക്കുവേണ്ടിയാണ് ആർപ്പുവിളിച്ചതെന്ന് എനിക്കറിയാം. എങ്കിലും നിങ്ങളുടെ പ്രോത്സാഹനങ്ങളെ ഈ വിധത്തിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമചോദിക്കുന്നു.- കിരീടം സ്വീകരിച്ചശേഷം കണ്ണീരോടെ ഒസാക്ക പറഞ്ഞു.
യുഎസ് ഓപ്പണ്‍ ഫൈനലിൽ സെറീനയ്ക്കെതിരേ കളിക്കുകയെന്നത് ജീവിതാഭിലാഷമായിരുന്നു. അതു സംഭവിച്ചതിൽ സന്തോഷമുണ്ട്. നിങ്ങൾക്കെതിരേ കളിക്കാനായതിൽ നന്ദിയുണ്ട്- സെറീനയോടായി ഒസാക്ക പറഞ്ഞു.
സെറീനയുടെ വിവാദം കേന്ദ്രബിന്ദു ആയതോടെ ജാപ്പനീസ് താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടത്തിൽനിന്ന് ലോകശ്രദ്ധ തെന്നിമാറി. ഒസാക്കയുടെ ആക്രമണത്തിനു മുന്നിൽ പതറിയ സെറീന ആദ്യസെറ്റ് 2-6ന് അടിയറവച്ചു. രണ്ടാം സെറ്റിൽ 3-1ന് മുന്നിൽനിൽക്കുന്പോഴായിരുന്നു വിവാദങ്ങളും പ്രശ്നങ്ങളും ഉടലെടുത്തതും മാനസികമായി തളർന്ന സെറീന 4-6ന് മത്സരം കൈവിട്ടതും.
24,000 കാണികളെ ഉൾക്കൊള്ളുന്ന ആർതർ സ്റ്റേഡിയത്തിൽ നവോമിയുടെ പ്രകടനം സെറീന ആരാധകരെ നിശബ്ദമാക്കി. കന്നി ഗ്രാൻസ്ലാം ഫൈനലാണ് കളിക്കുന്നതെന്ന യാതൊരു സങ്കോചവുമില്ലാതെയായിരുന്നു ഒസാക്ക തന്റെ ഇഷ്ട താരത്തിനെതിരേ ആദ്യ സെറ്റിൽ കളംനിറഞ്ഞത്. 2-1, 4-1 എന്നിങ്ങനെ ആദ്യ സെറ്റിൽ ഒസാക്ക മുന്നേറിയപ്പോൾ സെറീന വരുത്തിയത് 13 അണ്ഫോഴ്സ്ഡ് എററുകൾ!
‘അന്പയർ കള്ളൻ’
യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിന്റെ രണ്ടാം സെറ്റിലാണ് വിവാദങ്ങൾ തലപൊക്കിയത്. സെറീനയ്ക്ക് പരിശീലകൻ പാട്രിക് മൊർട്ടോഗ്ലോ നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി ചെയർ അന്പയർ കാർലോസ് റാമോസ് മുന്നറിയിപ്പു നൽകിയതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ആദ്യ സെറ്റ് നഷ്ടമായ സെറീന, രണ്ടാം സെറ്റിൽ മത്സരത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ മൽസരത്തിനിടെ താരങ്ങൾക്ക് പരിശീലകർ നിർദേശങ്ങൾ നൽകുന്നത് അനുവദനീയമല്ല. സംഭവം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അന്പയർ അമേരിക്കൻ താരത്തിന് ആദ്യ മുന്നറിയിപ്പ് നല്കി. എന്നാൽ, ഇതിനെതിരേ സെറീന പ്രതിഷേധിച്ചു.
ഈ സംഭവത്തിനു പിന്നാലെ തുടർച്ചയായി പോയിന്റുകൾ നഷ്ടമായതിൽ രോഷാകുലയായ സെറീന റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ അന്പയർ വീണ്ടും ഇടപെട്ടു. ഒപ്പം നിയമലംഘനം ചൂണ്ടിക്കാട്ടി സെറീനയ്ക്ക് രണ്ടാമത്തെ മുന്നറിയിപ്പും ഒരു പിഴപ്പോയിന്റ് വിധിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടമായ സെറീന മൽസരത്തിനിടെ പരിശീലകൻ ഇടപെട്ടതിന്റെ പേരിൽ നൽകിയ മുന്നറിയിപ്പു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ജീവിതത്തിൽ ഇതുവരെ ഞാൻ വഞ്ചന കാട്ടിയിട്ടില്ല. നിങ്ങൾ എന്നോടു മാപ്പു പറയണം-സെറീന കാർലോസ് റാമോസിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇടയ്ക്ക് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും സെറീന കൂട്ടാക്കിയില്ല. നിങ്ങൾ എന്റെ ഒരു പോയിന്റ് കവർന്നെടുത്തു. നിങ്ങൾ കള്ളനാണ്- എന്ന് സെറീന ആവർത്തിച്ചതോടെ അന്പയർ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. അതോടെ പിഴപ്പോയിന്റുകളിൽ ഗെയിം നഷ്ടമായ സെറീന 5-3ന് പിന്നിലായി.
ഇതിനു പിന്നാലെ ഇരു താരങ്ങളെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ കാർലോസ് ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂർണമെന്റ് റഫറി ബ്രയാൻ ഏർലിയോടു സംസാരിക്കണമെന്നായിരുന്നു അമേരിക്കൻ താരത്തിന്റെ ആവശ്യം.
ഇതോടെ ഗ്രാൻസ്ലാം സൂപ്പർവൈസർക്കൊപ്പം ഏർലി കളത്തിലെത്തി. അന്പയറിന്റെ പെരുമാറ്റത്തിനെതിരേ പരാതിപ്പെട്ട സെറീന, തനിക്കെതിരേ സമാന സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. അന്പയർ ചെയ്തതു ശരിയല്ല എന്നു പറഞ്ഞിതിന്റെ പേരിൽ തനിക്ക് ഗെയിം നഷ്ടമായെന്നും സെറീന ചൂണ്ടിക്കാട്ടി. അന്പയർമാർക്കെതിരേ സംസാരിച്ച പുരുഷ താരങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അവർക്കൊന്നും ഇത്തരം നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും താനൊരു സ്ത്രീയായതുകൊണ്ടാണ് ഇതെന്നും അവർ ആരോപിച്ചു.
ജൂലൈയിൽ വിംബിൾഡണ്‍ ഫൈനലിൽ ആംഗലിക് കെർബർ സെറീനയെ കീഴടക്കി കിരീടം സ്വന്തമാക്കിയിരുന്നു. അമ്മയായശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ സെറീന തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം ഫൈനലിലാണ് ഇതോടെ തോൽക്കുന്നത്. 24 ഗ്രാൻസ്ലാം നേടി മാർഗരറ്റ് കോർട്ടിനൊപ്പമെത്താനുള്ള ശ്രമത്തിലായിരുന്നു സെറീന.
റാമോസ് ഇതാദ്യം
പോർച്ചുഗീസുകാരനായ കാർലോസ് റാമോസ് മുന്‍പും ഗ്രാൻസ്ലാം ഫൈനലുകളിൽ ചെയർ അന്പയറായെങ്കിലും യുഎസ് ഓപ്പണിൽ ഇതാദ്യം. 2005ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലും 2018ലെ വിംബിൾഡൻ ഫൈനലും നിയന്ത്രിച്ചത് റാമോസായിരുന്നു. പുരുഷവിഭാഗത്തിൽ ഏഴ് ഗ്രാൻസ്ലാം ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്.
ഈ യുഎസ് ഓപ്പണിൽ ചെയർ അന്പയർ വിവാദത്തിൽപ്പെടുന്നത് ആദ്യമല്ല. മൽസരത്തിനിടെ മേലുടുപ്പ് അഴിച്ച് തിരിച്ചിട്ട ഫ്രഞ്ച് താരം ആലിസ് കോർനെറ്റിന് താക്കീത് നൽകിയ അംപയർ വിവാദത്തിൽപ്പെട്ടിരുന്നു. കോർട്ടിൽ വച്ച് വസ്ത്രം മാറുന്ന പുരുഷൻമാർക്ക് നൽകാത്ത എന്ത് താക്കീതാണ് സ്ത്രീകൾക്ക് ബാധകം എന്ന വിമർശനം ഉയർന്നതോടെ അധികൃതർ മാപ്പ് പറഞ്ഞ് തടിതപ്പുകയായിരുന്നു.
സെറീനയ്ക്കെതിരേ മുന്‍പും
ഇതു നാലാം തവണയാണ് സെറീന വില്യംസ് കളത്തിലെ മോശംപെരുമാറ്റത്തിനും അന്പയർക്കെതിരേ രൂക്ഷഭാഷ ഉപയോഗിച്ചതിനും പിഴപ്പോയിന്റ് വഴങ്ങുന്നത്.
2004 യുഎസ് ഓപ്പണിന്റെ ക്വാർട്ടറിലായിരുന്നു ആദ്യ സംഭവം. അമേരിക്കൻ താരം ജെന്നിഫർ കാപ്രിയാറ്റിയായിരുന്നു സെറീനയുടെ എതിരാളി. വീഡിയോ റിവ്യൂ സിസ്റ്റം പരീക്ഷിക്കുന്ന സമയമായിരുന്നു അത്. മത്സരത്തിനിടെ തനിക്കെതിരേ ചെയർ അന്പയർ വിളിച്ച ഓണ്‍ ലൈനുകളിൽ ക്ഷുഭിതയായ സെറീനക്കെതിരേ പിഴപ്പോയിന്റ് ചുമത്തപ്പെട്ടു. മത്സരത്തിൽ സെറീന പരാജയപ്പെട്ടു.
2009 യുഎസ് ഓപ്പണിന്റെ സെമിയിൽ ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെയായിരുന്നു രണ്ടാം സംഭവം. ലൈൻവുമണിനെതിരേയും അന്പയറിനെതിരേയുമായിരുന്നു സെറീനയുടെ വാക്ശരങ്ങൾ. പിഴപ്പോയിന്റ് വഴങ്ങിയ സെറീന മത്സരത്തിൽ 6-4, 7-5നു പരാജയപ്പെട്ടു.
2011 യുഎസ് ഓപ്പണ്‍ ഫൈനലിലും സെറീന വിവാദ നായികയായി. ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസർ ആയിരുന്നു എതിരാളി. സ്റ്റോസർ റിട്ടേണിനു ശ്രമിക്കുന്നതിനിടെ ‘കമോണ്‍’ എന്നുറക്കെ വിളിച്ചുപറഞ്ഞതിനായിരുന്നു ചെയർ അന്പയർ പിഴപ്പോയിന്റ് വിധിച്ചത്. മത്സരത്തിൽ 6-2, 6-3ന് ഓസീസ് താരം ജയം നേടി.
പരിശീലനം നല്കി
മത്സരത്തിനിടെ സെറീന വില്യംസിന് പരിശീലനം നല്‍കിയതായി പാട്രിക് മൊർട്ടോഗ്ലോ. 2012 മുതൽ സെറീനയുടെ പരിശീലകനാണ് ഫ്രഞ്ച് കാരനായ പാട്രിക്. ഞാൻ കോച്ചിംഗ് നല്കുന്നുണ്ടായിരുന്നു. എന്നാൽ, സെറീന എന്നെ നോക്കിയില്ലെന്നാണ് കരുതുന്നത് – പാട്രിക് പറഞ്ഞു. ഒസാക്കയുടെ പരിശീലകനായ സാസ്ച ബജിനും എന്നേപോലെതന്നെ ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും അങ്ങനെ ചെയ്യാറുണ്ട് – മത്സരശേഷം ഇഎസ്പിഎന്നിനോട് പ്രതികരിക്കവേ ഫ്രഞ്ചുകാരൻ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ
ഒസാക്കയുടെ ജയത്തെ പ്രകീർത്തിച്ചും അന്പയറിംഗിനെ പഴിച്ചും സെറീനയ് പിന്തുണയേകിയും ടെന്നീസ് ലോകത്തിന് അകത്തും പുറത്തുമുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച നവോമി ഒസാക്കയുടെ കിരീടജയത്തിന്റെ മാറ്റ് കുറഞ്ഞതിൽ ഖേദമുണ്ടെന്നായിരുന്നു അമേരിക്കൻ മുൻ താരം ബ്രാഡ് ഗിൽബർട്ട് കുറിച്ചത്. ഒസാക്കയുടെ പ്രകടനം അതിഗംഭീരം. സെറീന ശരിക്കും ചാന്പ്യന്റെ കരുത്ത് കാട്ടി – സെർബ് താരം അന ഇവാനോവിച്ച് പറഞ്ഞു. ടെന്നീസ് ലോകത്ത് പുതിയ താരം ഉദിച്ചിരിക്കുന്നു. അന്പയറിംഗ് വിവാദത്തിനിടയിലും നമ്മൾ ഒസാക്കയെ മറക്കരുത് – ബ്രിട്ടീഷ് മുൻ താരമായ റസ്ഡസ്കി കുറിച്ചു. ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും വൃത്തികെട്ട അന്പയറിംഗ് എന്നായിരുന്നു ആൻഡി റോഡിക്കിന്റെ പ്രതികരണം.