വാഷിംഗ്ൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബൈഡൻ ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വാർത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനുശേഷമുള്ള ആദ്യ സർവേകളിൽ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎൻഎൻ സർവേയിൽ ട്രംപിന് 6 പോയിന്റ് ലീഡ് ലഭിച്ചിരുന്നു. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്നായിരുന്നു 81 കാരനായ ബൈഡന്റെ ന്യായീകരണം.
അതേസമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ അഭിപ്രായ സർവേയിൽ പറയുന്നു. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനുണ്ട്.