മുംബൈ: 2017-18 കാലഘട്ടത്തിൽ ഇന്ത്യയിലെ വിദേശ നിക്ഷേപം ആറു ശതമാനം വർധിച്ച് 4,200 കോടി യുഎസ്ഡോളറായതായി ഐക്യരാഷ്ട്രസഭയുടെ(യുഎൻ) റിപ്പോർട്ട്. നിർമാണം, വാർത്താവിനിമയം, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപം കൂടുതൽ എത്തിയതെന്നും വിദേശനിക്ഷേപം സ്വീകരിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കെന്നും യുഎന്നിന്റെ വേൾഡ് ഇൻവസ്റ്റ്മെന്റ് – 2019 റിപ്പോർട്ടിൽ പറയുന്നു.
ഇ -കോമേഴ്സ് രംഗത്തെയും ടെലികോം രംഗത്തെയും വിശാല സാധ്യതകളാണ് ഇന്ത്യക്കു നേട്ടമാകുന്നതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് , അമേരിക്കൻ റീട്ടെയ്ൽ വന്പൻ വാൾമാർട്ട് സ്വന്തമാക്കിയതടക്കമുള്ള വൻ ഏറ്റെടുക്കലുകളും ഇന്ത്യക്കു നേട്ടമുണ്ടാക്കി. അതേസമയം, അടുത്തിടെ ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവിടേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
തദ്ദേശീയ റീട്ടെയ്ൽ വ്യവസായങ്ങളെ സംരക്ഷിക്കാൻ വിദേശ ഇ-കൊമേഴ്സ് കന്പനികൾക്ക് ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങൾകൊണ്ടുവന്നിരുന്നു. റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവുമധികം വിദേശ നിക്ഷേപം ഏഷ്യൻ മേഖലയിലാണ്.
കഴിഞ്ഞ വർഷം ലോകമെന്പാടുമുണ്ടായ വിദേശ നിക്ഷേപത്തിന്റെ 39 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലാണ് എത്തിയത്. 2017ൽ ഇത് 33 ശതമാനമായിരുന്നു. ദക്ഷിണേഷ്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലും വർധനയുണ്ട്. 2017നെ അപേക്ഷിച്ച് 3.5 ശതമാനമാണ് ദക്ഷിണേഷ്യയിലേക്കുള്ള വിദേശനിക്ഷേപത്തിലെ വർധന.
ലോകമെന്പാടുമുള്ള പ്രത്യേക സാന്പത്തിക മേഖലകളിൽ ഭൂരിഭാഗവും ഏഷ്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്താകെയുള്ള 5,400 പ്രത്യേക സാന്പത്തിക മേഖലകളിൽ 4,000 എണ്ണമാണ് ഏഷ്യയിലുള്ളത്.
ചൈനയ്ക്കാണു പ്രത്യേക സാന്പത്തിക മേഖലകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം (2500). രണ്ടാം സ്ഥാനം ഫിലിപ്പീൻസിനാണ്. ഇന്ത്യയിൽ 373 പ്രത്യേക സാന്പത്തിക മേഖലകളാണുള്ളത്. ഈ രാജ്യങ്ങളിലെ പ്രത്യേക സാന്പത്തിക മേഖലകളുടെ എണ്ണം വരും വർഷങ്ങളിൽ ഇനിയും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.