വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിനു വഴങ്ങി യുക്രെയ്നിലെ അപൂർവ ധാതുവിഭവങ്ങളുടെ ഖനനാവകാശം അമേരിക്കയ്ക്കു നൽകാൻ ധാരണയായെന്നു റിപ്പോർട്ട്.
അമേരിക്ക മുന്നോട്ടുവച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണു പുറത്തുവരുന്ന വിവരം. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂര്‍വധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നൽകണമെന്നു നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി വെള്ളിയാഴ്ച വാഷിംഗ്ടണിൽ എത്തുമെന്നാണു സൂചന. പുതിയ കരാറിൽ യുക്രെയ്നിനുള്ള സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ ഇല്ലെന്നാണു റിപ്പോർട്ട്.
റഷ്യയിലെയും റഷ്യൻ അധീന യുക്രെയ്നിലെയും അപൂർവധാതുക്കൾ അമേരിക്കയ്ക്കു നൽകാമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ കഴിഞ്ഞദിവസം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ നടക്കും.