വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്നതിന് കൂടുതൽ ഫണ്ട് തേടി യുഎസിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിക്കു നിരാശ. യുക്രെയ്നു ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ സെലൻസ്കിയെ അറിയിച്ചു.
യുക്രെയ്ൻ, ഇസ്രയേൽ, തായ്വാൻ എന്നിവർക്കായി 11,000 കോടി ഡോളറിന്റെ സഹായപാക്കേജ് പ്രസിഡന്റ് ജോ ബൈഡൻ തയാറാക്കിയിട്ടുണ്ട്.
എന്നാൽ കുടിയേറ്റ നിയന്ത്രണത്തിന് കൂടുതൽ നടപടികൾ പ്രഖ്യാപിക്കാതെ പാക്കേജ് പാസാക്കാൻ അനുവദിക്കില്ലെന്നാണ് റിപ്പബ്ലിക്കന്മാരുടെ നിലപാട്. ഇതോടൊപ്പം യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് വൈറ്റ് ഹൗസിന് വ്യക്തമായ പദ്ധതിയില്ലെന്നും റിപ്പബ്ലിക്കന്മാർ ആരോപിക്കുന്നു.
ഹൗസ് സ്പീക്കർ കൂടിയായ മൈക് ജോൺസന് അടക്കമുള്ള റിപ്പബ്ലിക്കൻ നേതാക്കന്മാരുമായി സെലൻസ്കി നേരിട്ടു ചർച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചർച്ചയ്ക്കുശേഷം സെലൻസിക്കൊപ്പം മാധ്യമപ്രവർത്തകരെ കാണാൻപോലും ജോൺസൻ കൂട്ടാക്കിയില്ല. യുക്രെയ്നു സഹായം നല്കുന്ന കാര്യത്തിൽ വ്യക്തമായ പദ്ധതിയും കോൺഗ്രസിന്റെ മേൽനോട്ടവും വേണമെന്ന് ജോൺസൻ പിന്നീട് പറഞ്ഞു.
സെലസൻസി തുടർന്ന് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നു സഹായം നിഷേധിക്കുന്നത് റഷ്യക്കു ക്രിസ്മസ് സമ്മാനം നല്കുന്നതിനു തുല്യമാണെന്ന് ബൈഡൻ മുന്നറിയിപ്പു നല്കി.
മിസൈൽ ആക്രമണത്തിൽ 55 പേർക്കു പരിക്ക്
കീവ്: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ 55 പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി പത്ത് ബാലിസ്റ്റിക് മിസൈലുകളാണ് വന്നത്. എല്ലാം വെടിവച്ചിട്ടെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് 53 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ഒഡേസ നഗരത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർക്കും പരിക്കേറ്റു.
കീവിൽ നഴ്സറി, ആശുപത്രി കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. യുഎസ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി യുഎസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിനു പിന്നാലെയായിരുന്നു റഷ്യയുടെ ആക്രമണം.
ഇതിനു മുന്പായി റഷ്യൻ ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തിൽ യുക്രെയ്നിലെ ഏറ്റവും വലിയ ടെലികോം കന്പനിയായ കീവ്സ്റ്റാറിന്റെ പ്രവർത്തനം നിലച്ചു. ഇതുമൂലം വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നല്കുന്ന സംവിധാനം പ്രവർത്തിക്കാതായി.
യുക്രെയ്ൻ ജനതയുടെ പാതിയിലധികവും ഈ കന്പനിയുടെ സേവനമാണ് ഉപയോഗിക്കുന്നത്.