ന്യൂയോർക്ക്: അതിശക്തമായ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തു വിറയ്ക്കുകയാണ് അമേരിക്ക. കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം താറുമാറായി. റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു.
രാജ്യത്ത് പലയിടങ്ങളിലും പ്രധാന റോഡുകളെല്ലാം അടച്ചു. ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ഒന്നര ദശലക്ഷത്തിലധികം ആളുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 12 പേര് മരിച്ചു.
ഇരുനൂറു ദശലക്ഷം പേർ നിലവിൽ ശൈത്യക്കാറ്റിന്റെ ദുരിതം നേരിടുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ ശീതക്കാറ്റ് അനുഭവപ്പെടാമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. ക്രിസ്മസ്, പുതുവർഷ അവധിക്ക് പോകുന്നവർ യാത്ര രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകുന്നു.
കനത്ത മഞ്ഞുവീഴ്ചയില്‍ സൗത്ത് ഡക്കോട്ടയിലെ ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. പെൻസിൽവാനിയ, മിഷിഗൺ എന്നീ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്.
കാനഡയിൽ ഒന്റാറിയോയിലും ക്യൂബെക്കിലും ശൈത്യക്കാറ്റ് രൂക്ഷമാണ്. ഇവിടങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി. ബ്രിട്ടീഷ് കൊളംബിയ മുതൽ ന്യൂഫൗണ്ട്ലാൻഡ് വരെയുള്ള പ്രദേശങ്ങളിൽ കൊടും തണുപ്പും ശീതകാല കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.