മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ ചങ്ങലകൊണ്ട് മരത്തിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി. ചെന്നൈയിൽ താമിസിക്കുന്ന ലളിത കായി കുമാറി (50) നെയാണ് സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവിനെതിരേ വധശ്രമത്തി നു കേസെടുത്തു.
നാൽപ്പതു ദിവസമായി ഇവർ വനത്തിനുള്ളിൽ കഴിയുകയായിരുന്നു. രാത്രി വനത്തിൽനിന്നു സ്ത്രീയുടെ കരച്ചിൽ കേട്ടതായി സോനുർലി ഗ്രാമത്തിലെ ആട്ടിടയൻ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.
അമേരിക്കൻ പാസ്പോർട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുടുംബ വഴക്കിനെത്തുടർന്ന് തമിഴ്നാട് സ്വദേശിയായ ഭർത്താവ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണു പോലീസിനു ലഭിച്ച പ്രാഥമിക വിവരം.
ലളിത മാനസികപ്രശ്നങ്ങൾ കാണിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ലളിതയ്ക്കു കൃത്യമായ മൊഴി നൽകാൻ കഴിയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.