കോമാളികള്‍ അമേരിക്കയ്ക്ക് തലവേദനയാകുന്നു. കാലിഫോര്‍ണിയയിലെ കണക്ടിക്കട്ടില്‍ കോമാളിശല്യം രൂക്ഷമാണ്. ഈ ഓഗസ്റ്റിലാണ് കോമാളികളുടെ ശല്യം തുടങ്ങുന്നത്. ദക്ഷിണ കരോലിനയിലെ ഗ്രീന്വില്ലയായിരുന്നു പ്രഭവകേന്ദ്രം. വെളുത്തവസ്ത്രവും കോമാളികളുടെ മുഖംമൂടിയും ധരിച്ച് മരത്തിനിടയില്‍ മറഞ്ഞുനിന്ന് ആളുകളെ പേടിപ്പിക്കുകയാണ് ഇവരുടെ പണി. ഇഴയുന്നതു പോലെ നീങ്ങുന്ന ഇവര്‍ കുട്ടികളെ പ്രലോഭനത്തില്‍ വീഴ്ത്തുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്.
വാര്‍ത്തകളിലും സാമൂഹികമാധ്യമങ്ങളിലും ഇവരാണ് പ്രധാന സംസാരവിഷയം. ഇതിനകം 23 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ അജ്ഞാത കോമാളികളുടെ അസാധാരണ പ്രവൃത്തികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ കാണുന്ന ഭീകരസ്വപ്നങ്ങളില്‍ ഉള്ളതുപോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്നതും ഇവരുടെ രീതിയാണ്. കോമാളികളുടെ ഇത്തരം പ്രവൃത്തികള്‍ ലോക കോമാളി അസോസിയേഷന് തലവേദയായിരിക്കുകയാണ്. പ്രൊഫഷണല്‍ കോമാളികളുടെ ലോകതലത്തിലുള്ള സംഘടനയാണിത്.
ഇത് ഔദ്യോഗിക കോമാളികളെല്ലെന്നും ചിലര്‍ തമാശയ്ക്ക് ചെയ്യുന്നതാണിതെന്നും ലോക കോമാളി അസോസിയേഷന് പ്രസിഡന്റ് റാന്‍ഡി ക്രിസ്റ്റന്‍സണ്‍ പറയുന്നു. ഇതിനെ നല്ല ഉദ്ദേശ്യത്തോടു മാത്രം കണ്ടാല്‍ മതിയെന്നും ക്രിസ്റ്റന്‍സണ്‍ പറയുന്നുണ്ട്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ക്രിസ്റ്റന്‍സണ്‍ ഇക്കാര്യം പറഞ്ഞത്. കോമാളികളാകുന്നതിനെ പോസിറ്റീവായി കാണുകയും അവര്‍ക്ക് കോമാളിയാകാനുള്ള ആത്മവിശ്വാസം നല്‍കുകയുമാണ് വേണ്ടതെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും സന്ധ്യ കഴിഞ്ഞാല്‍ കോമാളികളെ ഭയന്ന് അമേരിക്കക്കാര്‍ക്ക് വീട്ടിനുപുറത്തിറങ്ങാന് കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നാണറിയുന്നത്.