വാഷിങ്ടൺ: അമേരിക്കയിൽ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്.
ന്യൂജഴ്സിയിലെ പരമോന്നത കോടതിയിലാണ് വെയ്നിൽ നിന്നുള്ള കുടുംബ നിയമ-കുടിയേറ്റ അറ്റോണിയായ നാദിയ സ്ഥാനമേറ്റത്. ഖുർആനിൽ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്.
സുപീരിയർ കോർട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. യു.എസിൽ മുസ്ലിം വനിതകൾ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ച ഒരു വനിത ഈ പദവിയിലെത്തുന്നത് ആദ്യമാണ്.
ന്യൂജഴ്സി ഗവർണർ ഫിർ മർഫിയാണ് നാദിയയെ നാമനിർദേശം ചെയ്തത്.
വർഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമായ നാദിയ 2003 മുതൽ മുസ്ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിന്റെ ന്യൂജഴ്സി ചാപ്റ്റർ ബോർഡ് അംഗമായിരുന്നു.
നിലവിൽ സംഘടനയുടെ ചെയർപേഴ്സനാണ്. നാദിയക്ക് രണ്ടു വയസുള്ളപ്പോഴാണ് കുടുംബം സിറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.