കമ്യൂണിസ്റ്റുകാര്‍ക്ക് എട്ടിന്റെ പണിയുമായി അമേരിക്കന്‍ സര്‍ക്കാര്‍. കമ്യൂണിസ്റ്റുകാരാണെങ്കില്‍ ഇനി അമേരിക്കയില്‍ പൗരത്വമോ സ്ഥിരതാമസത്തിനുള്ള അനുമതിയോ ലഭിക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്യുണിസ്റ്റ് പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കുടിയേറ്റക്കാര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് യുഎസ് സിഐഎസ് ആണ് തീരുമാനം എടുത്തിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനം പ്രഖ്യാപിച്ചതെന്ന് ടെലെസെര്‍ ഇംഗ്ലീഷ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള കുടിയേറ്റം തടയുക ലക്ഷ്യമിട്ടാണ് നീക്കം.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിട്ടുള്ളവരെ തടയുകയാണ് പ്രധാന ഉദ്ദേശം.
90 ദശലക്ഷത്തോളം അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ക്കാരില് അമേരിക്കന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ വരെയുണ്ടെന്നാണ് അമേരിക്ക കണക്കാക്കുന്നത്.
2018 ലെ കണക്കുകള്‍ പ്രകാരം മൊത്തം 2.5 ദശലക്ഷം വരുന്ന വിദേശികളില്‍ 5.5 ശതമാനവും ചൈനാക്കാരായിരുന്നു. ആ വര്‍ഷം അമേരിക്ക സ്ഥിരതാമസം അനുവദിച്ചത് 67,000 ചൈനാക്കാര്‍ക്കായിരുന്നു. മെക്സിക്കോയ്ക്കും ക്യൂബയ്ക്കും പിന്നാലെ മൂന്നാം സ്ഥാനമായിരുന്നു ചൈനക്കാര്‍ ഇക്കാര്യത്തില്‍ നേടിയത്.
ഇത് രണ്ടാം തവണയാണ് കുടിയേറ്റ നിയമം കമ്യൂണിസ്റ്റുകള്‍ക്കെതിരേ അമേരിക്ക ഉപയോഗിക്കുന്നത്. 1918ലും ചൈനീസ് കമ്യൂണിസ്റ്റുകളെയും നാസ്തികന്മാരെയും സുരക്ഷാഭീഷണിയായി പ്രഖ്യാപിക്കുന്ന നയം കൊണ്ടുവന്നിരുന്നു. 1950ല്‍ ആഭ്യന്തര സുരക്ഷാ നിയമം കൊണ്ടുവന്നപ്പോഴും കമ്യൂണിസ്റ്റുകളായ വിദേശികളെ ഒഴിവാക്കിയിരുന്നു.
ചൈനയുമായി ആശയപരമായും സാങ്കേതിക പരമായും വൈരം തുടരുന്ന അമേരിക്ക അന്താരാഷ്ട്രവേദിയില്‍ ചൈനയെ വിമര്‍ശിക്കാന്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക പതിവാണ്.
പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ചൈന ആഘാതം സൃഷ്ടിക്കുകയാണെന്ന് അടുത്തിടെ അമേരിക്ക ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്യൂണിസ്റ്റുകള്‍ക്ക് പൗരത്വം നിഷേധിച്ചു കൊണ്ടുള്ള പുതിയ നയം.