ജമൈക്ക: ഉസൈൻ ബോൾട്ട് ഫുട്ബോളിൽനിന്നു വിരമിച്ചു. താൻ ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണൽ ഫുട്ബോളറാകാൻ ശ്രമിക്കില്ലെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടു ബോൾട്ട് പറഞ്ഞു.
ഇതിഹാസതാരമായ ബോൾട്ട് ട്രാക്കിൽനിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്. നിരവധി പ്രശസ്ത ക്ലബുകളിൽ ട്രയൽസ് നടത്തിയ ബോൾട്ട് ഓസ്ട്രേലിയൻ ക്ലബായ മറൈനേഴ്സിലൂടെ അരങ്ങേറ്റം നടത്തുകയും ചെയ്തു. പിന്നീട് കരാർ ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ബോൾട്ട് ക്ലബ്ബ് വിടുകയായിരുന്നു.
ഫുട്ബോളറായുള്ള ചെറിയ കാലം വലിയ തോതിൽ ആസ്വദിച്ചെന്നും ഇത് കൂടുതൽ ഫലവത്താകില്ല എന്നു ബോധ്യപ്പെട്ടതോടെയാണ് ആ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ബോൾട്ട് പറഞ്ഞു.