മുക്കം: “ഉസൈൻ തോട്ടത്തിൽ s/o പുതു ഇസ്ലാം’ എന്ന മേൽവിലാസത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽനിന്നു വന്ന കത്തു കണ്ട് ഉസൈൻ മാത്രമല്ല, പോസ്റ്റ്മാൻ ഉൾപ്പെടെ അമ്പരന്നു പോയത് സ്വാഭാവികം. കുമാരനെല്ലൂർ തടപ്പറമ്പിൽ ആലി പാത്തുവിന്റെ മകൻ ഉസൈന്‍ സങ്കടവും പ്രതിഷേധവും അടക്കാനാവുന്നില്ല.
“അവരെന്നെ അപമാനിച്ചിതല്ലേ. ഇതാ, ഇതാണെന്റെ മേൽവിലാസം… ഉസൈൻ തോട്ടത്തിൽ, ആലി പാത്തുവിന്റെ മകൻ, തടപ്പറമ്പ് ,കുമാരനെല്ലൂർ, മുക്കം.കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് എവിടന്നാണ് പുതു ഇസ്ലാമിന്റെ മകൻ’ എന്നു കിട്ടിയത്? ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമെല്ലാം ഉയർത്തിപ്പിടിച്ച് ഉസൈൻ ചോദിക്കുന്നു.
തടപ്പറമ്പ് നാലു സെന്റ് കോളനിയിൽ നാട്ടുകാർ നിർമിച്ച മതിൽ പൊളിച്ചുനീക്കുന്നതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി അയച്ച കത്തിലാണ് പതിറ്റാണ്ടുകൾക്കു മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഉസൈനെ പുതു ഇസ്ലാംമിന്റെ മകനാക്കി മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിൽ നാട്ടുകാരും പ്രതിഷേധിച്ചു. അടിസ്ഥാന രഹിതമായി ജാതിയുടെയും മതത്തിന്റേയും വേർതിരിവുണ്ടാക്കി അപമാനിച്ചത് നിസാര കാര്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.