വടകര: ഉപയോഗശേഷമുള്ള ഭക്ഷ്യ എണ്ണ (വേസ്റ്റ് കുക്കിംങ് ഓയിൽ) ഉത്തമ സാന്പത്തിക സ്രോതസാക്കി മാറ്റുന്ന വിദ്യയുമായി പ്ലസ് വണ്‍ വിദ്യാർഥിനികൾ. ഈ വർഷത്തെ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ നസ്ല ഷെറിൻ, നന്ദന മോഹൻ എന്നിവരാണ് ഇത്തരമൊരു നൂതന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ’ഒരു തവണ ഉപയോഗിച്ച ഭക്ഷ്യ എണ്ണ എങ്ങനെ സാന്പത്തിക സ്രോതസാക്കാം’ എന്ന ഇവരുടെ പ്രൊജക്ട് പ്രാദേശികസാന്പത്തിക വികസനത്തിലേക്കുള്ള വഴി തുറക്കുന്നു.
കോഴിക്കോട് നടന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസിൽ കൂടുതൽ പോയിന്റ് നേടി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇവരുടെ പ്രൊജക്ട്. അടുത്ത ആഴ്ച തിരുവനന്തപുരത്താണ് അവതരണം.
ഒരു തവണ ഉപയോഗിച്ച ഭക്ഷ്യഎണ്ണ പാചകാവശ്യത്തിന് വീണ്ടും ഉപയോഗിക്കാതെ മറ്റു മേഖലകളിൽ എങ്ങനെ ലാഭകരമായി വിനിയോഗിക്കാം എന്ന അന്വേഷണമാണ് ഇവരെ ഈ പ്രൊജക്ടിലേക്ക് എത്തിച്ചത്.
ഉപയോഗിച്ച ഭക്ഷ്യ എണ്ണയിൽ നിന്ന് ജൈവഡീസൽ, ഗ്ലിസറോൾ എന്നിവ ’ട്രാൻസ് -എസ്റ്ററിഫിക്കേഷൻ’ എന്ന പ്രക്രിയ വഴി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ സാധാരണക്കാരന് ഇതൊരു ഉത്തമ സാന്പത്തിക സ്രോതസുമാണ്.
പാചക എണ്ണ ഭക്ഷ്യ ആവശ്യങ്ങൾക്ക് പുനരുപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടർ, ഡോക്ടർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചർച്ച നടത്തി. കൂടാതെ മറ്റൊരു ഉപോൽപ്പന്നമായി ഗ്ലിസറോളും വിനിയോഗിക്കാനുള്ള സാധ്യത മനസിലാക്കുന്നതിന് സോപ്പുനിർമ്മാണകേന്ദ്രം സന്ദർശിക്കുകയും ചെയ്തു.
പഞ്ചായത്ത് തലത്തിൽ ബയോഡീസൽപ്ലാന്റ് സ്ഥാപിക്കുക വഴി തൊഴിൽസാധ്യതയും സാന്പത്തിക വികസനവും സാധ്യമാകുമെന്ന് മനസിലാക്കുകയും ഇതിനായി പഞ്ചായത്ത് പ്രസിഡന്റിനെ സമീപിക്കുകയും ചെയ്തിരിക്കുകയാണ് ഇവർ. അധ്യാപിക രശ്മിയാണ് ഗൈഡ് എന്ന നിലയിൽ വിദ്യാർഥിനികൾക്ക് മാർഗനിർദേശം നൽകുന്നത്.