കൊച്ചി: യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ വൈറ്റില ട്രൂ വാല്യു ഷോറൂമിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ കടവന്ത്ര പോലീസ് കേസെടുത്തു.
പരാതിയില്‍ മാനേജരായ ജോസിനെതിരെയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ എല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്, ഷംസീര്‍ എന്നിവര്‍ക്ക് ക്രൂരമര്‍ദനമേറ്റത്. വൈറ്റിലക്കടുത്ത് മാരുതി ട്രൂ വാല്യൂ ഷോറൂമിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നും സ്പാനര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നുമാണ് പരാതി.
മര്‍ദനമേറ്റ സോഫിയയുടെ ബന്ധു മൂന്ന് മാസം മുന്‍പ് ട്രൂ വാല്യുവില്നിന്ന് കാറ് വാങ്ങിയിരുന്നു. ഇതുവരെ കാറിന്റെ ഉടമസ്ഥാവകാശം ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. ഒടുവില്‍ ട്രൂ വാല്യുക്കാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങി.
തുടര്‍ന്നും ഉടമസ്ഥാവകാശം മാറ്റാതായതോടെയാണ് സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തിയത്. അകത്തേക്ക് കൊണ്ടുപോയ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു.
പെണ്‍കുട്ടികളെ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞു. നിധിനും ഷംസീറും ഇത് ചോദ്യം ചെയ്തതോടെ ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതിയിലുള്ളത്.