പുതുമഴ പെയ്യുന്പോഴുള്ള മണ്ണിന്റെ മണം മൂക്കിലേക്ക് വലിച്ചെടുന്ന സ്വഭാവം നമ്മളിൽ പലർക്കുമുണ്ടാകും. അതൊരു പ്രത്യേക സുഖമാണ് നൽകുന്നതെന്നാകും ഇത്തരക്കാർ പറയുന്നത്. മറ്റു ചിലർക്കാകട്ടെ പുതിയ ബുക്കിന്റെ പുതിയ ഡ്രസിന്റെ മണ്ണെണ്ണയുടെയൊക്കെ മണമാണ് ഇഷ്ടം.
എന്നാൽ ചീഞ്ഞദുർഗന്ധത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?വിശ്വസിച്ചേ പറ്റൂ. ചൈനയിലെ ചോങ്കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവിന് താൻ അട്ടു മുഷിഞ്ഞ സോക്സ് മണക്കുന്നതാണത്രേ പ്രിയം. എന്നാൽ നിരന്തമായി സോക്സ് മണത്ത് അവസാനം എട്ടിന്റെ പണിയാണ് ആശാന് കിട്ടിയത്.
പതിവായി ഇത് ചെയ്തതോടെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങി. ആദ്യമൊക്കെ ചുമയിൽ നിന്നായിരുന്നു രോഗത്തിന്റെ തുടക്കം. എന്നാൽ പോകപ്പോകെ ചുമ നിൽക്കാതെയായി. ഇതോടെ ലീക്ക് ഉറങ്ങാനോ ശ്വസിക്കാനോ കഴിക്കാനോ ഒന്നും കഴിയാതെയായി.
ആദ്യം ചുമയ്ക്കുള്ള മരുന്നൊക്കെ കഴിച്ചു തുടങ്ങി. പക്ഷേ, മാറ്റമൊന്നുമില്ലാതായതോടെ അദ്ദേഹം ഡോക്ടർമാരെ കണ്ടു. അവരുടെ നിരന്തര പരിശോധനയ്ക്കൊടുവിൽ അദ്ദേഹത്തിന് ശ്വാസകോശത്തിനു താഴെ വീക്കവും അണുബാധയും കണ്ടെത്തി. ലീക്ക് ആസ്പർജില്ലോസിസ് ആണെന്നാണ് ഡോക്ടർമാർ പറയുന്നത്.