ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് സാനിറ്ററി പാഡുകള്‍. എന്നാല്‍ ഇവയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന പഠനം ഞെട്ടിപ്പിക്കുന്നതാണ്.
ഇന്ത്യയില്‍ വിറ്റഴിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പത്ത് ബ്രാന്‍ഡുകളിലാണ് പഠനം നടത്തിയത്. പാഡുകളില്‍ അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.
ഫലേറ്റുകള്‍ അന്തസ്രാവഗ്രന്ഥി തകരാറുകള്‍, പ്രത്യുല്പാദന വ്യവസ്ഥകള്‍ക്ക് ആഘാതം, ജനനവൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കും കാരണമാകും.
അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങള്‍, ആസ്തമ, ശരീര വൈകല്യങ്ങള്‍, പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.
അസറ്റോണ്‍, ക്ലോറോഫോം, ബെന്‍സീന്‍, ടോളുവിന്‍ തുടങ്ങിയ സംയുക്തങ്ങളുടെ അംശവും എല്ലാ പാഡുകളുടേയും സാമ്പിളുകളില്‍ കണ്ടെത്തി.
ജൈവം എന്ന് അവകാശപ്പെടുന്ന പാഡുകളില്‍ പോലും മാരകമായ തോതില്‍ ഫലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ജനനേന്ദ്രിയത്തിന് ചര്‍മത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ രാസവസ്തുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നും പഠനം പറയുന്നു.
ഇന്ത്യയില്‍ സാനിറ്ററി പാഡുകളുടെ ഘടനയിലും നിര്‍മാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല.
പാഡുകളില്‍ അനുവദിക്കാവുന്ന രാസവസ്തുക്കള്‍ സംബന്ധിച്ച് സര്‍ക്കാറും ബന്ധപ്പെട്ട ഏജന്‍സികളും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും സാനിറ്ററി പാഡുകള്‍ക്ക് പകരം മറ്റു മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.