ഇന്ത്യൻ അത്ലറ്റിക്സിന്റെ ആ വലിയ നഷ്ടത്തിന് ഇന്ന് മൂന്നരപ്പതിറ്റാണ്ട് തികയുകയാണ്. സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ പി.ടി. ഉഷയ്ക്ക് ഒളിന്പിക് മെഡൽ നഷ്ടമായത് മുപ്പത്തിയഞ്ചു വർഷംമുന്പ് ഒരു ഓഗസ്റ്റ് എട്ടിന്.
1984ലെ ലോസ്ആഞ്ചലസ് ഒളിന്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായപ്പോൾ അവരോടൊപ്പം ഇന്ത്യ മുഴുവൻ കണ്ണീരൊഴുക്കി. ഇന്ത്യയുടെ അത്ലറ്റിക് മെഡൽ എന്ന സ്വപ്നമാണ് മലയാളിതാരത്തിന്റെ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടത്. ഫിനിഷിംഗ് ലൈനിലേക്ക് താൻ വീണിരുന്നെങ്കിൽ ഒരു പക്ഷേ മെഡൽ ലഭിക്കുമായിരുന്നു എന്ന് ഉഷ ഇപ്പോഴും ഓർക്കുന്നു.
മുപ്പത്തഞ്ച് വർഷം മുന്പ് നഷ്ടപ്പെട്ട ആ സ്വപ്നത്തിനു പിന്നാലെയാണ് ഉഷ ഇപ്പോഴും. പയ്യോളി എക്സ്പ്രസ് എന്ന ഓമനപ്പേരുകാരി തന്റെ ശിഷ്യരിലൂടെ ഒരിക്കൽ ഇന്ത്യ അത്ലറ്റിക്സിൽ മെഡൽ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
2004ലെ ആഥൻസ് ഒളിന്പിക്സിൽ ലോംഗ്ജംപിൽ മലയാളി താരം അഞ്ജു ബോബി ജോർജ് നേടിയ അഞ്ചാം സ്ഥാനമാണ് ഉഷയ്ക്കുശേഷം ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ മികച്ച നേട്ടം.
ഒളിന്പിക് മെഡൽ നേടാനാവാതെപോയതിലുള്ള ദുഃഖം ഇപ്പോഴും കൂടെയുണ്ട്. ഒരു ഇന്ത്യൻ അത്ലറ്റ് ഒളിന്പിക് മെഡൽ നേടിയാൽ മാത്രമേ ആ വേദന മറക്കാനാവൂ എന്നും പി.ടി. ഉഷ പറയുന്നു.