കോട്ടയം: കേരളത്തിന്റെ അഭിമാന കായിക താരമായ പി.ടി. ഉഷയ്ക്ക് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അംഗീകാരം. ഐഎഎഎഫിന്റെ മുതിർന്ന താരങ്ങളുടെ പട്ടികയിലേക്ക് ഉഷയ്ക്ക് നാമനിർദേശം ലഭിച്ചു. ഐഎഎഎഫ് തന്നെയാണ് ഒൗദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറിൽ ഖത്തറിൽ നടക്കുന്ന 52-ാമത് ഐഎഎഎഫ് കോണ്‍ഗ്രസിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഉഷയെ ആദരിക്കും.
ലോക അത്ലറ്റിക് വേദിയിൽനിന്ന് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് ഉഷ പറഞ്ഞു. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ തലനാരിഴയ്ക്കാണ് ഉഷയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്.
400 മീറ്റർ ഹർഡിൽസിൽ അവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒളിന്പിക്സിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു ഉഷ. 1983ൽ അർജുന അവാർഡും 1985ൽ പദ്മശ്രിയും നൽകി ഉഷയെ രാജ്യം ആദരിച്ചിരുന്നു.