കാട്ടാക്കട : അഗസ്ത്യമലയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ഉഷ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. സമരം തുടരുന്പോഴും സമരത്തെ കുറിച്ചന്വേഷിക്കാനോ അധ്യാപികയുടെ ആരോഗ്യസ്ഥിതി തിരക്കാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
അധ്യാപികയ്ക്ക് മെഡിക്കൽ സഹായമെത്തിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡാം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഉന്നയിച്ചിട്ടുള്ള ആവശ്യം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കും വരെ നിരാഹാരം തുടരുമെന്നാണ് ഉഷാകുമാരി ഇന്നലെ രാവിലെയും തന്നെ സന്ദർശിച്ച സഹപ്രവർത്തകരോട് വ്യക്തമാക്കി.
ഇന്നലെ സംസ്ഥാനത്തെ ഏകാധ്യാപക സ്കൂളുകളിലെ അധ്യാപകർ ഒത്തുകൂടി ഉഷാകുമാരിയുടെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ഉഷാകുമാരിയുടെ സഹനസമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധമറിയിച്ചും ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ വരും നാളുകളിൽ കേരളത്തിലെ 340 ഒാളം വരുന്ന ഏകാധ്യാപക സ്കൂളുകളിലെ അധ്യാപകരും ഉഷാകുമാരിയുടെ സമരമാർഗം പിൻതുടരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
ഉഷാകുമാരി സമരം ആരംഭിച്ചതിന്റെ പിറ്റേന്ന് രാത്രിയിൽ എ ഇ ഒ അടക്കമുള്ള ഉദ്യോഗസ്ഥർ മലകയറി സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
ശമ്പളം തരുന്നതിനുള്ള നീക്കം ആരംഭിച്ചെന്നും സമരം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജോലി സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ അവർ കൃത്യമായി ഒന്നും പറഞ്ഞില്ല.
ജോലി സ്ഥിരപ്പെടുത്താതെ സമരം അവസാനിപ്പിക്കില്ലന്ന് ഉഷാകുമാരി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് മലയിറങ്ങിയ ഉദ്യോഗസ്ഥ സംഘത്തിലാരും പിന്നീട് ഇവിടേക്കെത്തിയില്ല.
സമരം അവസാനിപ്പിച്ചില്ലെങ്കിൽ അറസ്റ്റുചെയ്ത് നീക്കുമെന്ന തരത്തിലുള്ള ഭീഷണിയും ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കുന്നില്ലന്നാണ് ഉഷാകുമാരിയുടെ നിലപാട്.
കഴിഞ്ഞ 20 വർഷമായി ഈ സ്കൂളിലാണ് ഉഷാകുമാരി ജോലി നോക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 15 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.