കൊഴിഞ്ഞാന്പാറ: വടകരപ്പതി പഞ്ചായത്ത് പതിനാലാം വാർഡ് ആംഗൻവാടി ജീവനക്കാരിക്കു പഞ്ചായത്തംഗം കുടിവെള്ളവിതരണം തടസപ്പെടുത്തുന്നതായി പരാതി. മേനോൻപാറ സത്രം ഉഷയാണ് കുടിവെള്ളം തടസപ്പെടുത്തുന്നതായി കാണിച്ച് ജില്ലാ കളക്ടർക്കും വടകരപ്പതി പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്കിയത്.കുടിവെള്ളക്ഷാമത്തെ തുടർന്നു ലോറിവെള്ളം സംഭരിക്കുന്നതിനായി ഉഷയുടെ വീടിനു സമീപത്ത് രണ്ടുമാസംമുന്പ് പഞ്ചായത്ത് കിയോസ്ക് സ്ഥാപിച്ചിരുന്നു.
ആയിരം ലിറ്റർ ശേഷിയുള്ള സംഭരണി മൂന്നുവീടുകൾക്കായാണ് വച്ചുനല്കിയത്.തുടർന്നു ഒരുദിവസം സംഭരണിയിൽ വെള്ളം നിറച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പഞ്ചായത്തംഗത്തിന്റെ നിർദേശത്തെതുടർന്ന് ലോറി ഡ്രൈവർ വെള്ളം നിറയ്ക്കാറില്ല. ഇതുമൂലം ഉഷയും സഹോദരിയും ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം രണ്ടുദിവസത്തിലൊരിക്കൽ മുന്നൂറുരൂപ നല്കിയാണ് പുറമേനിന്നും വെള്ളം വാങ്ങുന്നത്.
ഉഷയുടെ വീടിനു 150 മീറ്റർ അകലെ പ്രധാന റോഡിനു എതിർവശത്തായി പഞ്ചായത്തംഗം മൂവായിരം ലിറ്ററിന്റെ കിയോസ്ക് സ്ഥാപിച്ചിരുന്നു, റോഡ് മുറിച്ചുകടന്നുപോകുന്നത് അപകടകരമാണെന്നു പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഉഷയുടെ വീടിനുസമീപം മറ്റൊരു കിയോസ്ക് സ്ഥാപിച്ചത്. എന്നാൽ തന്റെ അറിവില്ലാതെ കിയോസ്ക് സ്ഥാപിച്ചതിലുള്ള മെംബറുടെ പ്രതികാരമാണ് ഉഷയ്ക്കും കുടുംബത്തിനും വെള്ളം നിഷേധിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നു തഹസീൽദാർക്ക് വീണ്ടും ഉഷ പരാതി നല്കും. കുടിവെള്ളം ലഭിക്കാതെ വലയുന്ന ദുരിതകഥ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നു സുഹൃത്തുക്കൾ ഉഷയുടെ വീട്ടിലേക്ക് താത്കാലികമായി കുടിവെള്ളം എത്തിച്ചു നല്കി. കുടിവെള്ളം എത്തിക്കാൻ തുടർനടപടിയെടുക്കുമെന്നും ഫെയ്സ് ബുക്ക് ഇവർ ഉറപ്പുനല്കി.