പൊൻകുന്നം: യുവതി തനിച്ച് താമസിക്കുന്ന വീട്ടിൽ സ്ഥിരമായി പുരുഷന്മാർ കയറി ഇറങ്ങിയതിൽ സംശയം തോന്നിയ നാട്ടുകാർ നൽകിയ രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഒരാഴ്ചയിലേറെ നടത്തിയ നിരീക്ഷണത്തിനൊടുവിൽ ചാരായ നിർമാണവും, വിൽപ്പനയും നടത്തിവന്നിരുന്ന യുവതി അറസ്റ്റിൽ.
പൊൻകുന്നം കോയിപ്പള്ളി കുഴിക്കണ്ടത്തിൽ കുഞ്ഞുമോന്റെ ഭാര്യ ഉഷ (ഷക്കീല-45)യാണ് പോലീസിന്റെ പിടിയിലായത്. സബ് ജയിലിനു സമീപം വട്ടക്കാവുങ്കൽ പുരയിടത്തിൽ നിന്നാണ് കഴിഞ്ഞ രാത്രിയിൽ ഇവരെ പിടികൂടിയത്. ഒന്നര ലിറ്റർ വാറ്റു ചാരായവും, വാറ്റുപകരണങ്ങളും, കോടയും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലിസ് നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ വിജയരാഘവൻ, എസ്ഐ സാബു, സിവിൽ പോലീസ് ഓഫീസർ മാരായ തോംസണ്, പ്രതീഷ് രാജ, അജയകുമാർ, ഷൈമാ ബീഗം എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി, കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
മദ്യപിക്കാൻ എത്തുന്നവർക്ക് ടച്ചിംഗിന് പഴുത്ത കപ്പളങ്ങ മുറിച്ചത്
പൊൻകുന്നം: പൊൻകുന്നത്ത് ഉഷയുടെ വീട്ടിൽ മദ്യപിക്കാൻ എത്തുന്നവർക്ക് തണുത്ത വെള്ളം കൂടാതെ ടച്ചിംഗിനായി പഴുത്ത കപ്പളങ്ങാ മുറിച്ചത്, കപ്പലണ്ടിപ്പരിപ്പ്, ഐസ്ക്രീം എന്നിവയും കൊടുക്കുന്നതായി പോലീസ് കണ്ടെത്തി.
നിലവിൽ പൊൻകുന്നത്ത് ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കുന്നില്ല. ഇവിടെയുള്ളവർക്ക് മദ്യം വാങ്ങണമെങ്കിൽ ആറു കിലോമീറ്റർ മാറി അഞ്ചിലിപ്പയിലോ, കൊരട്ടിയിലോ, പള്ളിക്കത്തോട്ടിലോ പോകണം.
ഈ ബുദ്ധിമുട്ട് ഉഷ ശരിക്കും മുതലാക്കി. അര ലിറ്റർ മദ്യത്തിനു 250രൂപ മുതൽ 350രൂപ വരെ ആളും തരവും നോക്കി വാങ്ങുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി.