പാലോട്: ചോർന്നൊലിച്ചു ഇടിഞ്ഞു വീഴാറായിട്ടും ഭവന നിർമാണ പദ്ധതിയിൽ ഇടം നേടാതെ അവഗണനയിലാണ് ഇടവം റോഡരികത്തു വീട്ടിൽ ഉഷാകുമാരി. ഇവർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇഎംഎസ് ഭവന പദ്ധതിപ്രകാരം വീടിന് ആദ്യഗഡു ലഭിച്ചിരുന്നു.
ഇതുകൊണ്ടു അടിസ്ഥാനം കെട്ടിയെങ്കിലും ഭർത്താവിന് കാൻസർ ബാധിച്ചു അതിന്റെ ചികിത്സയിലും മറ്റും വീടിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതു മൂലം ബാക്കി ഗഡുക്കൾ നഷ്ടപ്പെട്ടു.
ഇതു സംബന്ധിച്ചു കഴിഞ്ഞ യുഡിഎഫ് സർക്കാരിന് നൽകിയ അപേക്ഷയെ തുടർന്ന് തിരിച്ചടവിൽ നിന്ന് ഒഴിവാക്കുകയും പുതിയ വീട് അനുവദിക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ വീട് ലഭിച്ചില്ല. ഇപ്പോൾ ഭവന രഹിതർക്ക് വേണ്ടി ആരംഭിച്ച് ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ അപേക്ഷ നൽകിയെങ്കിലും പേരു വന്നില്ല.
നിലവിലെ വീടിനു 60 വർഷത്തിലേറെ പഴക്കമുണ്ട്. ടാർ ഷീറ്റ് ദ്രവിച്ചു ചോർന്നൊലിക്കുന്ന സ്ഥിതതിയിലാണ്. വീടിന്റെ പല ഭാഗവും ഇടിഞ്ഞു വീണു തുടങ്ങി. ഭർത്താവ് മരിച്ച ഉഷാകുമാരിയും മകളും ചെറുകുട്ടിയും തകർച്ചയിലായ വീട്ടിലാണ് അന്തിയുറങ്ങുന്നത്.