കോട്ടയം: പ്രശസ്ത പോപ്പ് ഗായിക പത്മഭൂഷണ്‍ ഉഷാ ഉതുപ്പ് കോട്ടയത്തിന്റെ മരുമകള്‍. ഇന്നലെ അന്തരിച്ച ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പും ഉഷയും പരിചയപ്പെട്ടതും പ്രണയവിവാഹിതരായതും കോല്ക്കത്തയില്വച്ചാണ്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന തമിഴ് അയ്യങ്കാര്‍ സമുദായാ ഗമായ ഉഷ അക്കാലത്ത് കോല്‍ക്കത്തയിലെ ക്ലബ് പരിപാടികളിലെ പതിവു ഗായികയായിരുന്നു.
ബ്രിട്ടനില്‍ പരിശീലനം നേടിയശേഷം ജാനി അക്കാലത്ത് കോല്‍ക്കത്തയില്‍ തേയിലപ്പൊടിയുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു.
ഉഷയുടെ ആടിപ്പാടിയുള്ള സംഗീതാവതരണത്തില്‍ ആകൃഷ്ടനായ ജാനി ഉഷയുമായി പരിചയത്തിലായി. പില്ക്കാലത്ത് ദേശീയതലത്തില്‍ അറിയപ്പെടുന്ന ഗായികയായി ഉഷ പേരെടുത്തപ്പോഴും പിന്തുണയും പ്രോത്സാഹനവുമായി ജാനി ഒപ്പമുണ്ടായിരുന്നു.
കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ പള്ളി ഇടവകാംഗമാണ് ജാനി. കോല്‍ക്കത്തയില്‍ ആധുനിക സംവിധാനങ്ങളുള്ള സംഗീത സ്റ്റുഡിയോയും ഇവര്‍ സ്ഥാപിച്ചു.
ഇടക്കാലത്ത് ഇവര്‍ കൊച്ചിയിലും താമസമാക്കി. ജാനിയുടെ അമ്മ എലിബസത്ത് രണ്ടു വര്‍ഷം മുന്‍പ് അന്തരിച്ചപ്പോള്‍ സംസ്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ അവസാനമായി കോട്ടയത്തെത്തിയത്. കോട്ടയത്ത് ജാനിയുടെ കുടുംബത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഉഷ പലപ്പോഴും എത്തിയിട്ടുണ്ട്.