കാട്ടാക്കട : നിരാഹാരത്തിന്റെ മൂന്നാം ദിനത്തിൽ തളരാതെ ഉഷ ടീച്ചർ. ജോലി സ്ഥിരപ്പെടുത്തണം,കൃത്യമായി ശന്പളം ലഭിക്കണം, സ്കൂളിലേയ്ക്ക് ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് നെയ്യാർവനത്തിലെ ഏകാധ്യാപിക സ്കൂളിലെ ടീച്ചർ ഉഷ സമരം ആരംഭിച്ചത്.
കുന്നത്തുമല ഏകാധ്യാപിക സ്കൂളിൽ വെള്ളിയാഴ്ച ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിനം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാതെ പിൻമാറില്ലെന്ന് ഉഷ പറയുന്നു.
കഴിഞ്ഞ ദിവസം സി.കെ. ഹരീന്ദ്രൻ എംഎൽഎയും എഇഒ സെലിനും ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി നിരാഹാരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസമായിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഉഷടീച്ചർ പറയുന്നു.
കാരിക്കുഴി നെയ്യാർ കടവിലെത്തി വള്ളം കയറി വനത്തിലൂടെ ഏഴ് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചുവേണം സ്കൂളിലെത്താൻ
2012 മുതൽ ഏകാധ്യാപക വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസത്തിനു കീഴിലായതോടെയാണ് പ്രതിസന്ധികൾ ആരംഭിച്ചത്.
പത്ത് വർഷം കഴിഞ്ഞപ്പോൾ സ്ഥിരനിയമനം നൽകാമെന്ന് വാഗ്ദാനങ്ങൾ നൽകുകയും നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സന്ദർശനവും അന്വേഷണവും നടത്തുകയെന്നല്ലാതെ യാതൊരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല.
നിലവിൽ 17,325 രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. അത് 18,500 ആയി ഉയർത്തിയതായി ഉത്തരവ് വന്നെങ്കിലും നടപ്പിലായിട്ടില്ല.
വിദ്യാർഥികളുടെ പഠനത്തിനു പുറമെ, കുട്ടികളുടെ ഭക്ഷണം, പ്രധാനാധ്യാപകയുടെ ജോലി, ഉച്ചക്കഞ്ഞി കണക്കുകൾ വരെയുള്ള സ്കൂളിനെ സംബന്ധിച്ച എല്ലാ വിധ കാര്യങ്ങളും ഈ അധ്യാപകരാണ് ചെയ്യുന്നത്.
ശമ്പളം ലഭിക്കുന്നത് കൂടാതെ സർക്കാർ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് നിയമനം സ്ഥിരപ്പെടുത്തണമെന്നാണ് ഉഷാ കുമാരി ഈ നിരാഹാരസമത്തിലൂടെ ആവശ്യപ്പെടുന്നത്.
അതിനിടെ ശമ്പളം നൽകാൻ നടപടിയെടുത്തതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞെങ്കിലും നിയമനം സ്ഥിരപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
രാവിലെ രണ്ട് തവണ ഇൻഹീലർ ഉപയോഗിച്ചാലെ സ്കൂളിലെത്തു എന്നതാണ് ഇവരുടെ ഇപ്പോഴത്തെ അവസ്ഥ.ആരോഗ്യസ്ഥതി മോശമായതോടെ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചുവരുന്ന മകൾ രേഷ്മ ഇന്നലെ മുതൽ അമ്മയ്ക്ക് കൂട്ടായി സ്കൂളിലെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏകാധ്യാപകവിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരും താമസിയാതെ തന്നെ സമരത്തിൽ പങ്കുചേരുമെന്ന് ടീച്ചർ പറഞ്ഞു.
നിരാഹാരസമരം അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് മനുഷ്യാവകാശ സംഘടന സെക്രട്ടറി ജോർജ് മാത്യൂ ആവശ്യപ്പെട്ടു.