ആലുവ: പണം നഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ട് ഉസ്മാനറിയാം. അതാണ് വഴിയിൽ കളഞ്ഞുകിട്ടിയ പണം വാട്സാപ് ഗ്രൂപ്പുകളുടെ സഹായത്തിൽ നാലാം ദിനം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. കിഴക്കേ വെളിയത്തുനാട് എളമന വീട്ടിൽ അബ്ദുൽ കരീമിനാണ് നഷ്ടപ്പെട്ട 10,000 രൂപ യാത്രയിൽ നഷ്ടപ്പെട്ടത്.
ദേശീയപാതയിലെ പറവൂർ കവലയിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും 10,000 രൂപ ആലുവ യുസി കോളജ് കടൂപ്പാടം ഉസ്മാൻ കുഴിക്കടവിനാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് കളഞ്ഞുകിട്ടിയത്. സമീപത്തെ ഭാരത് മെഡിക്കൽ സ്റ്റോറിൽ ഏല്പിച്ചെങ്കെലും രണ്ടു ദിവസം പിന്നിട്ടും ആരും ബന്ധപ്പെട്ടില്ല.
പിന്നീടാണ് ആലുവയിലെ മാധ്യമ പ്രവർത്തകർ അംഗങ്ങളായുള്ള വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഈ വിവരം പ്രചരിച്ചത്. യഥാർഥ ഉടമയുടെ ഫോണിലും ഈ വിവരം എത്തിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പറവൂർ കവലയിൽ എത്തിയതായിരുന്നു അദേഹം. ഇതിനിടയിലാണ് പണം നഷ്ടമായത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി എസ്ഐമരായ ജി. അരുൺ, അബ്ദുറഹ്മാൻ, എന്നിവരുൾപ്പെടെയുള്ള പോലീസിന്റെ സാന്നിധ്യത്തിൽ ഉസ്മാൻ കുളിക്കടവിൽ അബ്ദുൽ കരീമിന് പണം കൈമാറി.
ഉസ്മാന്റെ പ്രവർത്തനത്തെ പോലീസ് അഭിനന്ദിച്ചു.വർഷങ്ങൾക്കു മുന്പ് ഒരു യാത്രയിൽ ഉസ്മാന് ഇത്തരത്തിൽ തന്റെ ഭീമമായ തുക യാത്രയിൽ നഷ്ടപ്പെട്ടിരുന്നു അതാണ് ഉടമയെ കണ്ടെത്തി പണം കൃത്യമായി തിരികെ ഏൽപിക്കാൻ അദേഹത്തെ പ്രേരിപ്പിച്ചത്.