കൽപ്പറ്റ: കൊടുക്കാനുള്ളത് എങ്ങനെ കൊടുക്കാതിരിക്കാമെന്നു ഗവേഷണം നടത്തുന്നവരുടെ എണ്ണം പെരുകുന്ന കാലത്ത് വേറിട്ട സാന്നിധ്യമായി വണ്ടൂർ ചാത്തൻകോട്ടുപുറം കുന്നുമ്മൽ ഉസ്മാൻ. 2,800 റിയാൽ കടം വീട്ടാൻ ബാലുശേരിക്കാരൻ മുഹമ്മദിനെ അഞ്ചു വർഷത്തിലധികമായി തേടുകയാണ് ഹോട്ടൽ വ്യവസായിയായ ഉസ്മാൻ.
സൗദി അറേബ്യയിലെ റിയാദിൽ ഒരു പതിറ്റാണ്ടു മുന്പു ഉസ്മാൻ നടത്തിയിരുന്ന കൈരളി ഹോട്ടലിലെ തൊഴിലാളിയായിരുന്നു മുഹമ്മദ്. നാട്ടിലേക്കു അയയ്ക്കുന്നതിനു അദ്ദേഹം ഉസ്മാനെ ഏൽപ്പിച്ചതാണ് 2,800 റിയാൽ. പണം അയയ്ക്കേണ്ട വിലാസം എഴുതിയ തുണ്ടുകടലാസും മുഹമ്മദ് കൈമാറി.
എന്നാൽ അപ്രതീക്ഷിതമായുള്ള തിരിച്ചടികളിൽ പിടിച്ചുനിൽക്കാനാകാതെ കൈരളി ഹോട്ടൽ പൂട്ടി റിയാദിൽനിന്നു മുങ്ങാൻ ഉസ്മാൻ നിർബന്ധിതനായി. മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ നന്പർ സൂക്ഷിച്ചിരുന്ന സിം കാർഡ് നശിപ്പിക്കേണ്ടിവന്നു. മുഹമ്മദ് ഏൽപ്പിച്ച തുണ്ടുകടലാസും ഒളിവിലെന്നതുപോലെ കഴിയുന്നതിനിടെ കൈമോശംവന്നു.
വർഷങ്ങളോളം റിയാദിൽ നടത്തിയ ഹോട്ടൽ വ്യവസായത്തിലൂടെ ഉസ്മാൻ പച്ചപിടിച്ചതാണ്. നാട്ടിൽ 10 സെന്റ് ഹൗസിംഗ് പ്ലോട്ട് അടക്കം കുറച്ചു മണ്ണ് സ്വന്തമാക്കി. ഹോട്ടൽ വ്യവസായം വിപുലീകരിക്കാനും പദ്ധതിയിട്ടു. എന്നാൽ ഉസ്മാൻ കരുതിയതുപോലെയായിരുന്നില്ല പിന്നീടു കാര്യങ്ങളുടെ പോക്ക്.
റിയാദിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങളെത്തുടർന്നു കൈരളി ഹോട്ടലിൽ ലക്ഷക്കണക്കിനു രൂപ മുടക്കി നവീകരണം നടത്തേണ്ടിവന്നു. പലരിൽനിന്നും പണം സമാഹരിച്ചാണ് നവീകരണത്തിനു മുടക്കിയത്. ഇതിനിടെ സ്പോണ്സറുമായുണ്ടായ അലോസരം ഹോട്ടൽ നടത്താനോ വിൽക്കാനോ കഴിയാത്ത അവസ്ഥയും സംജാതമാക്കി. ഈ ഘട്ടത്തിലാണ് റിയാദിൽനിന്നു മുങ്ങേണ്ടിവന്നത്. ഏകദേശം 40 ലക്ഷം രൂപയായിരുന്നു അപ്പോൾ ബാധ്യത.
നാട്ടിൽ തിരിച്ചെത്തിയ ഉസ്മാൻ ഭൂസ്വത്തു വിറ്റ് കടങ്ങളിൽ കുറെ വീട്ടി. കൊല്ലത്ത് ഹോട്ടൽ വ്യവസായവും തുടങ്ങിയെങ്കിലും നഷ്ടത്തിലായതിനാൽ നിർത്തി. പിന്നീട് വണ്ടൂർ അയനിക്കോട് തുടങ്ങിയ ഹോട്ടൽ വ്യവസായം ലാഭകരമായി നടത്താനായി. ഇപ്പോൾ രണ്ടുകാലിൽ നിവർന്നു നിൽക്കാമെന്ന അവസ്ഥയിലാണ് 39 കാരനായ ഉസ്മാൻ. മൂന്നു ഹോട്ടലുകളാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്.
മുഹമ്മദിനായി അനേകം തവണയാണ് ഉസ്മാൻ ബാലുശേരിയിൽ നേരിട്ടും സ്നേഹിതർ മുഖേനയും അന്വേഷണം നടത്തിയത്. രൂപലക്ഷണങ്ങൾ വിശദീകരിച്ചിട്ടും ഉസ്മാൻ അന്വേഷിക്കുന്ന മുഹമ്മദിനെ തദ്ദേശവാസികളിൽ ആർക്കും ചൂണ്ടിക്കാട്ടാനായില്ല.
ഇപ്പോൾ ബാലുശേരിക്കു പുറത്തും മുഹമ്മദിനെ തിരയുകയാണ് ഉസ്മാൻ. ഏകദേശം എട്ടു മാസമാണ് മുഹമ്മദ് കൈരളി ഹോട്ടലിൽ ജോലി ചെയ്തത്. അടുക്കളയിലായിരുന്നു ജോലി. കൂലിയിൽനിന്നു മിച്ചംപിടിച്ച തുകയാണ് നാട്ടിലെത്തിക്കുന്നതിനു തൊഴിലുടമയെ ഏൽപ്പിച്ചത്. മുഹമ്മദിനുള്ള കടം നീറ്റലായി മനസിൽ അവശേഷിക്കുകയാണെന്നു ഉസ്മാൻ പറഞ്ഞു.
ജീവിതയാത്രയ്ക്കിടെ എവിടെയെങ്കിലും മുഹമ്മദിനെ കണ്ടെത്താനും കടം വീട്ടാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഉസ്മാൻ. റിയാദിൽ കൈരളി ഹോട്ടൽ തൊഴിലാളിയായിരുന്ന മുഹമ്മദിനെക്കുറിച്ച് അറിയാവുന്നവരുണ്ടെങ്കിൽ 9847249734 എന്ന നന്പരിൽ ബന്ധപ്പെടണമെന്നാണ് ഉസ്മാന്റെ അഭ്യർഥന.