തിരുവനന്തപുരം: ആലുവയിലെ എടത്തലയിൽ യുവാവിനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പോലീസ് സാധാരണക്കാരെ പോലെ പെരുമാറാതെ നിയമനടപടി സ്വീകരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആലുവയിൽ പോലീസിന് നേരെ ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
പോലീസ് ഡ്രൈവറെ മർദ്ദിക്കാൻ ഉസ്മാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തീവ്ര സ്വഭാവമുള്ള സംഘടനകളാണ് പിന്നീട് പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ബസ് കത്തിച്ച കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതികളായ സംഘടനയിലുള്ളവർ ഇന്നലെ പ്രതിഷേധിക്കാൻ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീവ്ര സ്വഭാവക്കാരായ സംഘടനയിലുള്ളവരോടൊപ്പമാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഇവരെ തിരിച്ചറിയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം ബഹളം വച്ചു. എടത്തല സംഭവത്തിൽ പ്രതിപക്ഷത്തെ അൻവർ സാദത്ത് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും തീവ്രവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാർക്കെതിരെയുള്ള നടപടി തുടർക്കഥയാകുകയാണെന്ന് അൻവർ സാദത്ത് എംഎൽഎ സഭയിൽ പറഞ്ഞു.