മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്യാച്ച് വിവാദം. ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ ഉസ്മാന് ഖവാജയെടുത്ത ക്യാച്ചായിരുന്നു വിവാദത്തിനു വിഷയമായത്. ഇംഗ്ലണ്ട് ആരാധകരാണ് വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
കമ്മിന്‍സിന്റെ പന്തില്‍ മിഡ് വിക്കറ്റില്വച്ച് മുന്നോട്ട് ഡൈവ് ചെയ്ത് ഖവാജ ബ്രോഡിനെ പിടികൂടി. എന്നാല്‍, അതിനിടയില്‍ പന്ത് കൈയില്‍ നിന്ന് വഴുതി താഴെ പോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പന്തും കൈയും ഖവാജയുടെ ശരീരത്തിനടിയിലായതിനാല് എന്താണ് സംഭവിച്ചതെന്നും വീഡിയോയില്‍ വ്യക്തമല്ല. ക്യാച്ചെടുത്ത് എഴുന്നേല്ക്കുമ്പോള് ഖവാജയുടെ കൈയിൽ പന്തുണ്ടായിരുന്നു.
വീഡിയോ റീപ്ലേയ്ക്ക് ശേഷം തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഈ ഔട്ടില്‍ കമന്റേറ്റര്‍മാർക്കും രണ്ടു പക്ഷമായിരുന്നു. 63 പന്തില്‍ 56 റണ്‍സെടുത്താണ് ബ്രോഡ് പുറത്തായത്. കുക്കിനോടൊപ്പം മികച്ച രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ടു കൊണ്ടുപോകവെയാണ് ബ്രോഡിന്റെ വിക്കറ്റ് പോയത്.
നാലാം ദിനം ഖവാജ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ‘’ഇത് പഴയ ഓസ്ട്രേലിയ തന്നെയാണ്, എപ്പോഴും ചതിക്കുന്ന ഓസ്ട്രേലിയ’’ എന്ന് വിളിച്ചുപറഞ്ഞാണ് ഇംഗ്ലണ്ട് ആരാധകര്‍ പ്രതിഷേധിച്ചത്.